മരട് ഫ്‌ളാറ്റ്; നഷ്ടപരിഹാരം കണക്കാക്കാൻ സാങ്കേതിക വിദഗ്ധരുടെ സഹായം തേടുമെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ

ഫ്‌ളാറ്റ് ഉടമകളുടെ നഷ്ടപരിഹാരം കണക്കാക്കാൻ സാങ്കേതിക വിദഗ്ധർ അടക്കമുള്ളവരുടെ സഹായം തേടേണ്ടി വരുമെന്ന് നഷ്ടപരിഹാര സമിതി അധ്യക്ഷനായി സുപ്രിംകോടതി നിയമിച്ച മുൻ ഹൈക്കോടതി ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ. ഒരു നിയമജ്ഞനും സാങ്കേതിക വിദഗ്ധനും സമിതിയിൽ ഉൾപ്പെടുമെന്നാണ് തനിക്ക് ലഭിച്ച പ്രാഥമിക വിവരമെന്നും അദ്ദേഹം ആലുവയിൽ പറഞ്ഞു.
യാതൊരു പക്ഷപാതവുമില്ലാതെ സുപ്രിംകോടതിയുടെ നിർദേശം നടപ്പാക്കും. സമയപരിധി നിശ്ചയിച്ച് എത്രയും വേഗത്തിലായിരിക്കും സമിതിയുടെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. സമിതിയുടെ പ്രവർത്തനമെങ്ങനെയായിരിക്കണമെന്ന സുപ്രിംകോടതി നിർദേശങ്ങൾ ലഭിച്ചിട്ടില്ല. 2010 കേരള ഹൈക്കോടതിയിൽ വിരമിച്ച ജസ്റ്റിസ് ബാലകൃഷണൻ നായർ 2015 വരെ കേരള സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനായിരുന്നു. ഹൈക്കോടതി ജസ്റ്റിസായിരിക്കുമ്പോൾ പ്ലാച്ചിമടയിലെ കൊക്കകോള കമ്പനി അടച്ചു പൂട്ടാനുത്തരവിട്ടത് കെ ബാലകൃഷ്ണൻ നായരായിരുന്നു.
അതേസമയം, മരട് ഫ്‌ളാറ്റിൽ സർക്കാറിന്റെ ഒഴിപ്പിക്കൽ നടപടി ഇന്ന് മുതൽ ആരംഭിക്കും. കുടിവെള്ളവും, വൈദ്യുതിയും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റിലെ താമസക്കാരുടെ നിരാഹാര സമരം രാവിലെ മുതൽ തുടങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here