‘ഷാജു ടെൻഷനിലായിരുന്നു, അവധിയെടുപ്പിച്ച് പറഞ്ഞയച്ചു’; ഷാജു പഠിപ്പിച്ചിരുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്റർ

കൂടത്തായി കൂട്ടക്കൊലക്കേസിൽ ഷാജുവിന്റെ സഹപ്രവർത്തകർ ആകെ ഞെട്ടിയിരിക്കുകയാണെന്ന് ഷാജു പഠിപ്പിച്ചിരുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്റർ തോമസ് മാത്യൂ ട്വന്റിഫോറിനോട്. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയപ്പോൾ ഷാജു ടെൻഷനിലായിരുന്നു. താൻ അവധിയെടുപ്പിച്ച് പറഞ്ഞയച്ചുവെന്നും തോമസ് മാത്യു വ്യക്തമാക്കി.
ഷാജുവിനെ ഇരുപത്തിരണ്ട് വർഷമായി അറിയാം. ഭാര്യയും കുഞ്ഞും മരിച്ചതിന് ശേഷവും അദ്ദേഹം നിർവികാരനായിരുന്നു. പ്രത്യേകിച്ച് വിഷമമൊന്നും പ്രകടിപ്പിച്ചില്ല. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞ് സ്‌കൂളിലെത്തുകയും ചെയ്തുവെന്നും തോമസ് മാത്യു വ്യക്തമാക്കി.
അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷാജുവും ജോളിയും പറഞ്ഞത് കള്ളമാണെന്ന് വ്യക്തമാക്കി ജോളിയുടെ കുടുംബസുഹൃത്ത് രംഗത്തെത്തി. ജോളി ഒരിക്കൽപ്പോലും വേദപാഠ ക്ലാസുകൾ നയിച്ചിട്ടില്ലെന്നും പള്ളിയിൽ ഇടയ്ക്ക് വരാറുണ്ടെന്ന് മാത്രമേ ഉള്ളുവെന്നും സുഹൃത്ത് പറയുന്നു.
ജോളി ക്ലാസ് നയിച്ചു എന്ന പ്രസ്താവന സേഫ് സോണിലിരിക്കാനാണെന്നും ഷാജു നന്നായി സംസാരിക്കുന്നയാളാണെന്നും സുഹൃത്ത് പറയുന്നു. ജോളിയെ ഷാജുവിന് വിവാഹത്തിന് മുൻപും നന്നായറിയാം. കൊലപാതകത്തിൽ ഷാജുവിനും പങ്കുണ്ടെന്ന സംശയവും സുഹൃത്ത് ഉന്നയിച്ചിരുന്നു.
Read also: ‘ജോളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമ്പോൾ ഷാജു പോയത് സിനിമക്കല്ല’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here