ക്രിസ്ത്യൻ പ്രാർത്ഥനയിൽ പങ്കെടുത്ത ഹിന്ദു പെൺകുട്ടിയെ ജീവനോടെ കത്തിച്ചോ? ആ വീഡിയോ വ്യാജം

സോഷ്യൽ മീഡിയ ആഘോഷിക്കുന്ന വ്യാജവാർത്തകളുടെ പട്ടികയിലേക്ക് മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഒരു ക്രിസ്ത്യൻ പള്ളിയിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്ത ഹിന്ദു പെൺകുട്ടിയെ ആൾക്കൂട്ടം പരസ്യമായി ജീവനോടെ കത്തിച്ചു എന്ന വാർത്തയാണ് പ്രചരിക്കുന്നത്. കൂടെ ഒരു വീഡിയോയും ചെറിയ ഒരു വിവരണവുമുണ്ട്. മധ്യപ്രദേശിൽ നടന്നു എന്നവകാശപ്പെടുന്ന ഈ സംഭവം പൂർണ്ണമായും വ്യാജമാണ്.

‘ക്രിസ്ത്യൻ പള്ളിയിൽ നടന്ന പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തതിനാലാണ് മധ്യപ്രദേശിൽ ഹിന്ദു പെൺകുട്ടി ജീവനോടെ കത്തിച്ചത്. ലോകം മുഴുവൻ ഇന്ത്യയെ കാണുന്നതിന് ദയവായി ഇത് ചുറ്റും അയയ്ക്കുക; ഭൂമിയിലെ യഥാർത്ഥ നരകം “” അവിശ്വസനീയമായ ഇന്ത്യ “യുടെ ഏറ്റവും വൃത്തികെട്ട മുഖം കാണുക. ദയവായി ദയവായി ദയവായി ഈ വീഡിയോ പങ്കിടുക നിങ്ങൾക്ക് അയയ്ക്കുന്നത് നിർത്താൻ കഴിയാത്തത്രയും ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തെ അറിയിക്കുക’- ഇങ്ങനെ ഒരു കുറിപ്പോടെയാണ് വാർത്ത പ്രചരിക്കുന്നത്. ഒരു പെൺകുട്ടിയെ ഒരു കൂട്ടം ആളുകൾ ജീവനോടെ അഗ്നിക്കിരയാക്കുന്ന വീഡിയോയും ഇതിനൊപ്പം പ്രചരിക്കപ്പെടുന്നുണ്ട്. എന്താണ് ഈ വാർത്തയിലെ സത്യം.

ഒന്നാമതായി ഈ വീഡിയോ ഇന്ത്യയിലേതല്ല. രണ്ടാമതായി ഈ വീഡിയോയ്ക്ക് 4 കൊല്ലത്തെ പഴക്കമുണ്ട്. 2015ൽ ഗ്വാട്ടിമലയിൽ നടന്ന സംഭവത്തിൻ്റെ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ഒരു ടാക്സി ഡ്രൈവറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള പെൺകുട്ടിയെ ആൾക്കൂട്ടം ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങളാണിത്. 2016ൽ ഒരു തവണ വൈറലായ വീഡിയോ കഴിഞ്ഞ വർഷം ഒരു തവണ കൂടി വൈറലായി. ഈ രണ്ട് തവണയും മധ്യപ്രദേശിൽ നടന്ന സംഭവം എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിച്ചത്.

ദേശീയ മാധ്യമങ്ങൾ വീഡിയോ വ്യാജമാണെന്ന റിപ്പോർട്ട് അന്ന് തന്നെ നൽകിയെങ്കിലും വീണ്ടും വെറുപ്പും വിദ്വേഷവും പ്രചരിക്കപ്പെടുകയാണ്. ഉപദ്രവം എന്നല്ലാതെ യാതൊരു ഉപകാരവും അതിൽ ഇല്ല. അതുകൊണ്ട് തന്നെ ഇത്തരം വാർത്തകളുടെ സത്യാവസ്ഥ മനസ്സിലാക്കി മാത്രം പങ്കുവെക്കുക.

(കടുത്ത അസ്വസ്ഥതയും ഞെട്ടലും ഉണ്ടാക്കുന്നതിനാൽ വീഡിയോ പങ്കുവെക്കുന്നില്ല)നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More