Advertisement

നഷ്ടമായത് ക്ലാസ് ലീഡറെ: ഞെട്ടലിൽ നിന്ന് മുക്തരാവാതെ തീകൊളുത്തി കൊല്ലപ്പെട്ട ദേവികയുടെ അധ്യാപകർ

October 11, 2019
0 minutes Read

പത്താം ക്ലാസിൽ അഞ്ച് എ പ്ലസ് ഉൾപ്പെടെ തൊണ്ണൂറ് ശതമാനത്തിലധികം മാർക്ക് നേടിയാണ് ദേവിക എറണാകുളം ഹയർസെക്കന്ററി സ്‌കൂളിൽ പ്ലസ് വൺ കൊമേഴ്‌സിന് ചേർന്നത്. ക്ലാസിലെ എല്ലാ പ്രവർത്തനങ്ങൾക്കും സജീവമായിരുന്ന ദേവികയെ ക്ലാസ് ലീഡറായും തെരഞ്ഞെടുത്തിരുന്നു. സഹോദരി ദേവകി ഇതേ സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഇരുവരും പഠനത്തിൽ മിടുക്കരായിരുന്നുവെന്നാണ്് അധ്യാപകരുടെ സാക്ഷ്യം. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളറിഞ്ഞ് പെരുമാറിയിരുന്ന കുട്ടിയായിരുന്നു അവൾ. എപ്പോഴും സന്തോഷത്തോടെ, സൗഹാർദപരമായി ഇടപെടുന്ന കുട്ടിയായിരുന്നു. അധ്യാപകരോട് ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്. അവൾക്ക് ഇങ്ങനെ ഒരു അടുപ്പമുള്ളതായോ വീട്ടിൽ പ്രശ്‌നങ്ങളുണ്ടായതായോ അറിയില്ല. ക്ലാസ് ടീച്ചർ രാധിക പറയുന്നു.

എന്തെങ്കിലും പ്രശ്‌നമുള്ളതായി അറിഞ്ഞിരുന്നുവെങ്കിൽ സ്‌കൂൾ കൗൺസിലർമാരുടെ സേവനം ഏർപ്പെടുത്തുമായിരുന്നു. രാവിലെ വാട്‌സാപ്പ് കൂട്ടായ്മയിൽ നിന്നാണ് വിവരം അറിഞ്ഞത്. അവൾക്ക് ഇങ്ങനെ ഒരു ദുരന്തമുണ്ടാവുമെന്ന് കരുതിയിരുന്നില്ലെന്ന് ടീച്ചർ.

നല്ലൊരു ജോലി നേടി അമ്മയുടെ കഷ്ടപ്പാട് കുറക്കണമെന്നും ദേവികക്കുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. എസ്എസ്എൽസിക്ക് നല്ല മാർക്ക് നേടിയതിന് പിടി തോമസ് എംഎൽഎയുടെ അവാർഡ് ലഭിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ ജീവിതത്തെ കണ്ടിരുന്ന ദേവികയുടെ കൊലപാതകം ഉണ്ടാക്കിയ ഞെട്ടലിൽ നിന്ന് മുക്തരല്ല .

കാക്കനാട് അർധരാത്രി വീട്ടിൽ കയറിയാണ് ദേവികയെ മിഥുൻ തീക്കൊളുത്തിക്കൊന്നത്. മിഥുൻ മരിച്ച ദേവികയുടെ അകന്ന ബന്ധു ആണെന്ന് ദേവികയുടെ അയൽവാസിയും കൗൺസിലറുമായ സ്മിത പറഞ്ഞു. ദേവികയെ ശല്യം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ മുൻപ് പരാതി നൽകിയിരുന്നു. അത് കുറച്ച് ദിവസങ്ങൾക്കു മുൻപ് ഒത്തുതീർപ്പാക്കിയതായിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് മിഥുൻ വീട് കയറി ആക്രമിച്ചത്.

അയൽവാസികൾ ഓടിയെത്തുമ്പോൾ പെൺകുട്ടിയും മിഥുനും പൊള്ളലേറ്റു കിടക്കുന്നതും മാതാവ്് വാവിട്ട് കരയുന്നതുമാണ് കണ്ടത്. ഇൻഫോ പാർക്ക് എസ്‌ഐയെ ഉടൻ വിവരമറിയിച്ചു. പയ്യനെ പൊലീസ് ജീപ്പിലും പെൺകുട്ടിയെ ആംബുലൻസിലും ആണ് കൊണ്ടു പോയത്.

അർധരാത്രി വാതിലിൽ മുട്ടു കേട്ട് അത് തുറന്നപാടെ മിഥുൻ പെട്രോൾ ദേവികയുടെ പിതാവിന്റെ ദേഹത്തേക്കൊഴിച്ച് തീക്കൊളുത്തി. പൊള്ളലേറ്റ പിതാവിന് കാര്യമായി പരുക്ക് പറ്റി. ഈ അവസരം മുതലെടുത്താണ് മിഥുൻ വീടിനുള്ളിലേക്ക് കയറുന്നത്. തുടർന്ന് സ്വയം തീക്കൊളുത്തിയ മിഥുൻ പെൺകുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. ഈ കാഴ്ച കണ്ട അമ്മ പുറത്തിറങ്ങി നിലവിളിച്ച് ആളെക്കൂട്ടി.

വീട്ടിൽ നിന്ന് കൊണ്ടു പോകുമ്പോൾ തന്നെ ദേവിക മരിച്ചിരുന്നു. മിഥുൻ ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരണപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement