സെമിയിൽ തോറ്റു; മേരിക്ക് വെങ്കലം

ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോമിന് തോൽവി. മൂന്നു റൗണ്ടുകൾ നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ നാലു പോയിൻ്റുകൾക്കാണ് മേരി കോം പരാജയപ്പെട്ടത്. രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോടായിരുന്നു തോൽവി.
അതേ സമയം, റിസൽട്ടിൽ ഇന്ത്യ അപ്പീൽ നൽകിയെന്നാണ് വിവരം. മത്സരം ഏകപക്ഷീയമായിരുന്നില്ലെന്നും ഒന്നിനെതിരെ നാലു പോയിൻ്റുകൾക്ക് പരാജയപ്പെട്ടത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്നുമാണ് ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നിലപാട്.
മത്സരം കഴിഞ്ഞ ഉടൻ തന്നെ ഇന്ത്യ അപ്പീൽ നൽകിയിരുന്നു. അതുകൊണ്ട് തന്നെ ലോക ബോക്സിംഗ് ഫെഡറേഷൻ ഉടൻ തന്നെ അപ്പീലിൽ തീർപ്പു കൽപിക്കും. മത്സരത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഒരു വിദഗ്ധ സമിതി പരിശോധിച്ച് വിധി പറയുകയാണ് ചെയ്യുക. എന്നാൽ ഇന്ത്യക്ക് അനുകൂലമായ വിധിയുണ്ടാവാൻ സാധ്യത കുറവാണ്.
സെമിയിൽ പരാജയപ്പെട്ടെങ്കിലും പുരുഷ-വനിതാ ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവുമധികം മെഡലുകൾ നേടിയ താരമെന്ന നേട്ടം മേരി കോം സ്വന്തമാക്കി. മേരിക്ക് ഇത് എട്ടാം മെഡലാണ്. ഏഴു മെഡലുകളുള്ള ക്യൂബൻ പുരുഷ ഇതിഹാസം ഫെലിക്സ് സാവോണിനെയാണ് മേരി പിന്തള്ളിയത്. 1986–99 കാലത്ത് 6 സ്വർണവും ഒരു വെള്ളിയും സഹിതമാണ് സാവോൺ ഏഴു മെഡലുകൾ നേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here