Advertisement

കൊല്‍ക്കത്തയെ തഴുകി നൊബേല്‍ പ്രൈസ്

October 14, 2019
Google News 1 minute Read

കൊല്‍ക്കത്തയുടെ മണ്ണിലേക്ക് ഒരു നൊബേല്‍ പ്രൈസ് കൂടി. കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച രവീന്ദ്രനാഥ് ടാഗോര്‍, മദര്‍ തെരേസ, അമര്‍ത്യാസെന്‍ എന്നിവര്‍ക്കു പിന്നാലെയാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള അഭിജിത്ത് ബാനര്‍ജിക്ക് നൊബേല്‍ പ്രൈസ് ലഭിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരമാണ് അഭിജിത്ത് ബാനര്‍ജിയിലൂടെ ഇത്തവണ കൊല്‍ക്കത്തയ്ക്ക് അഭിമാനമായത്.

സാഹിത്യത്തിനാണ് രവീന്ദ്രനാഥ് ടാഗോറിന് നൊബേല്‍ ലഭിച്ചത്. മദര്‍തെരേസയ്ക്ക് സമാധാനത്തിനും അമര്‍ത്യാസെന്നിന് സാമ്പത്തിക ശാസ്ത്രത്തിനുമാണ് നൊബേല്‍ പ്രൈസ് കിട്ടിയത്. പലരും ബംഗാള്‍ സ്വദേശികളല്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍ കൊല്‍ക്കത്തയിലായിരുന്നു. അഭിജിത് ബാനര്‍ജി, എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പരീക്ഷണാത്മക സമീപനം നടത്തിയതിന് നൊബേല്‍ പ്രൈസിന് അര്‍ഹരായത്.

സാമ്പത്തികശാസ്ത്ര നൊബേല്‍ ലഭിക്കുന്ന ദമ്പതികള്‍

സാമ്പത്തിക നൊബേല്‍ പ്രൈസ് ലഭിക്കുന്ന ദമ്പതികളാണ് അഭിജിത്തും എസ്തറും. വികസന സാമ്പത്തിക ശാസ്ത്രത്തിലെ പരീക്ഷണാത്മക സമീപനമാണ് ഇവര്‍ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. രണ്ടു പതിറ്റാണ്ടുകൊണ്ട് സാമ്പത്തിക ശാസ്ത്രത്തെ ആകെ മാറ്റി മറിക്കുകയാണ് ഇവര്‍ ചെയ്തത്. ഇവരുടെ പദ്ധതികള്‍ ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഏറെ ഗുണം ചെയ്തു. ദാരിദ്ര്യത്തിനെതിരെ പോരാടാന്‍ കൂടുതല്‍ ശക്തിയും ശേഷിയും ഇവരുടെ പദ്ധതികള്‍ നല്‍കി. 2015 ലാണ് എസ്തര്‍ ഡഫ്‌ലോയെ അഭിജിത് ബാനര്‍ജി വിവാഹം കഴിക്കുന്നത്.

കൊല്‍ക്കത്തയുടെ മണ്ണില്‍

1961ല്‍ കൊല്‍ക്കത്തയിലാണ് അഭിജിത് ബാനര്‍ജി ജനിച്ചത്. അച്ഛനായ ദീപക് ബാനര്‍ജിയും അമ്മ നിര്‍മലാ ബാനര്‍ജിയും എക്കണോമിക്‌സ് അധ്യാപകരായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലുമായിരുന്നു പഠനം. 1988 ല്‍ പിഎച്ച്ഡി നേടിയ ഇദ്ദേഹം മസാചുസെറ്റ്് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസര്‍ പദവിയിലാണ് ഇപ്പോഴുള്ളത്. ജെഎന്‍യുവിലെ പഠനമാണ് സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ അഭിജിത്തിനെ സഹായിച്ചത്.

Read More: അഭിജിത് ബാനർജിക്ക് സാമ്പത്തിക നൊബേൽ

ജെ- പാല്‍

2003 ലാണ് അഭിജിത് ബാനര്‍ജിയുടെ നേതൃത്വത്തില്‍ അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് ( ജെ- പാല്‍) തുടങ്ങിയത്. ദാരിദ്ര്യ ലഘൂകരണത്തിനായുള്ള റിസര്‍ച്ച് സെന്ററാണിത്. സര്‍ക്കാരിനും എന്‍ജിഒ സംഘടനകള്‍ക്കുമൊപ്പം ദാരിദ്ര്യത്തിനെതിര പൊരുതുകയാണ് ജെ – പാല്‍ ചെയ്യുന്നത്. ആഗോളതലത്തില്‍ 2018 ഓടെ 400 മില്ല്യണിലധികം ആളുകളിലേക്ക് ജെ – പാലിന്റെ പ്രവര്‍ത്തനം എത്തി. അഭിജിത്ത് ബാനര്‍ജി, എസ്തര്‍ ഡഫ്‌ലോ, സെന്തില്‍ മുല്ലെയ്‌നാഥന്‍ എന്നിവര്‍ ചേര്‍ന്നാണ് ജെ പാല്‍ ആരംഭിച്ചത്.

നോട്ടുനിരോധനത്തിനെതിരെ

ഇന്ത്യയില്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെതിരെ ശക്തമായ ഭാഷയിലാണ് അഭിജിത്ത് പ്രതികരിച്ചത്. പ്രത്യക്ഷത്തിലുള്ളതിനേക്കാള്‍ വലിയ ആഘാതമായിരിക്കും നോട്ട് നിരോധനം മൂലമുണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനത്തിന് പിന്നിലെ യുക്തി എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ലെന്നായിരുന്നു അഭിജിത്ത് പറഞ്ഞത്. എന്തുകൊണ്ടാണ് രണ്ടായിരം രൂപയുടെ നോട്ടുകള്‍ കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

 

ന്യായ് പദ്ധതിക്ക് പിന്നില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച ന്യായ് പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് അഭിജിത്തായിരുന്നു. സാധാരണക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതിയായിരുന്നു ന്യായ്. പദ്ധതി വഴിയായി ഇന്ത്യയിലെ ദാരിദ്ര്യത്തെ ഇല്ലാതാക്കാനും എല്ലാവരിലേക്കും പണം എത്തിക്കുന്നതിനുമായിരുന്നു കോണ്‍ഗസ് ഉദ്ദേശിച്ചത്. പട്ടിണിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരിക്കും ന്യായ് പദ്ധതി എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

നിരവധി പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. വാട്ട് ദ എക്കണോമി നീഡ്‌സ് നൗ (2019), പൂവര്‍ എക്കണോമിക്‌സ് (2011) എന്നിവയെല്ലാം പ്രധാന പുസ്തകങ്ങളാണ്. പുവര്‍ ഇക്കണോമിക്‌സ് എന്ന പുസ്തകത്തിന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ബിസിനസ്് ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചു. 2015നു ശേഷമുള്ള വികസന അജണ്ട ആധാരമാക്കി യുഎന്‍ സെക്രട്ടറി ജനറല്‍ രൂപീകരിച്ച പ്രശസ്ത വ്യക്തികളുടെ ഉന്നതതല സമിതിയില്‍ അംഗമായിരുന്നു അഭിജിത് ബിനായക് ബാനര്‍ജി. രണ്ട് ഡോക്യുമെന്ററികളും അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here