സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശം; ഫിറോസ് കുന്നംപറമ്പിലിനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

സാമൂഹ്യ മാധ്യമങ്ങളിൽ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഫിറോസ് കുന്നംപറമ്പിലിനെതിരെ എത്രയും വേഗം പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫെയ്ൻ ആവശ്യപ്പെട്ടു. ഒരു പെൺകുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

ഫിറോസ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നയാളാണെന്ന് പറയുന്നു. പക്ഷേ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ഒരാൾ ഇത്രയും വൃത്തികെട്ട രീതിയിൽ സ്ത്രീകളെ അഭിസംബോധന ചെയ്യാൻ പാടില്ല. ഇങ്ങനെയുളളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ജോസഫെയ്ൻ അഭിപ്രായപ്പെട്ടു. ‘കുടുംബത്തിലൊതുങ്ങാത്ത,വേശ്യാവൃത്തി നടത്തുന്ന, അവനവന്റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ’ എന്നിങ്ങനെയാണ് ഫിറോസ് കുന്നംപറമ്പിൽ സാമൂഹ്യ മാധ്യമങ്ങളിലെ ലൈവ് വീഡിയോയിൽ സ്ത്രീയെ പരാമർശിച്ചിരിക്കുന്നത്.

Read Also : ‘ഫിറോസ് കുന്നംപറമ്പിൽ, ഇനിയെങ്കിലും നിങ്ങൾ ആരെയും മോഹനൻ വൈദ്യരെപ്പോലുള്ളവരുടെ അടുത്തേക്ക് പറഞ്ഞു വിടരുത്’; യുവ ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്

ഒരു പെൺകുട്ടിയെ അധിക്ഷേപിക്കാൻ ‘സ്ത്രീ’ എന്ന വാക്ക് ഈ വിധം ഉപയോഗിച്ചതിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണ്. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top