അവഗണനയിൽ മനംമടുത്ത് വിരമിക്കാൻ വീണ്ടും അനുമതി തേടി ഡിജിപി ജേക്കബ് തോമസ്

സംസ്ഥാന സർക്കാറിന്റെ അവഗണയിൽ മനം മടുത്ത് സ്വയം വിരമിക്കാൻ ഒരുങ്ങി ഡിജിപി ജേക്കബ് തോമസ്. മുമ്പ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സ്വയം വിരമിക്കാൻ അനുമതി നൽകണമെന്ന അവശ്യപ്പെട്ട് അദ്ദേഹം വീണ്ടും സർക്കാരിനെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരിൽ ഏറ്റവും സീനിയറായ ജേക്കബ് തോമസിന് ഒരു വർഷത്തിലേറെ സേവന കാലാവധി ഇനിയും ബാക്കിയുണ്ട്.

രണ്ടു വർഷം നീണ്ട സസ്‌പെൻഷന് ശേഷമാണ് കേന്ദ്ര അഡ്മിനിസട്രേറ്റീവ് ട്രിബ്യൂണൽ വിധിയുടെ പിൻബലത്തിൽ ജേക്കബ് തോമസ് സർവീസിൽ തിരിച്ചെത്തിയത്. തിരിച്ചെത്തിയ ജേക്കബ് തോമസിനെ ഷൊർണൂർ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് സിഎംഡി ആയാണ് തസ്തിക അനുവദിച്ചത്.
തീർത്തും അപ്രധാനമായ ഈ തസ്തികയിൽ ആദ്യമായാണ് ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ നിയമിക്കപ്പെടുന്നത്.

ചുമതലയേറ്റ ഉടനെ ജേക്കബ് തോമസ് മാധ്യമങ്ങളോട് പങ്കുവെച്ച ചില അഭിപ്രായ പ്രകടനം വൻ വിവാദമായിരുന്നു. ‘നൂറ്റിയൊന്നു വെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തി ഉണ്ടാക്കാമെന്നായിരുന്നു’ വിവാദ പരാമർശം. സ്വയം വിരമിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മേയിൽ ജേക്കബ് തോമസ് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഈ അപേക്ഷയെ എതിർത്തു. മാത്രമല്ല, ജേക്കബ് തോമസിനെതിരെ വിശദമായ റിപ്പോർട്ട് കേന്ദ്രത്തിനു നൽകുകയും ചെയ്തിരുന്നു. സർവീസിലിരിക്കെ മൂന്നുമാസം മുമ്പ് നോട്ടീസ് നൽകിയില്ലെന്ന കാരണത്താൽ കേന്ദ്രം അപേക്ഷ തള്ളുകയായിരുന്നു. സർവീസിൽ തിരിച്ചെടുക്കണമെന്ന ഹർജി നിലനിൽക്കെ കഴിഞ്ഞ ഓഗസ്റ്റിൽ സ്വയം വിരമിക്കൽ അപേക്ഷയുമായി അദ്ദേഹം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

സർവീസിൽ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവിൽ വിജിലൻസ് ഡയറക്ടറുടെ പദവിയോടെയാണ് നിമയനമെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും, അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഒരു ഓഫീസിലാണ് ജേക്കബ് തോമസിനെ നിയമിച്ചത്. ടെലിഫോൺ, ഔദ്യോഗിക വാഹനം, ഡ്രൈവർ, പ്യൂൺ, സുരക്ഷ തുടങ്ങിയവ ഒന്നും സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന് അനുവദിച്ചില്ല.

സംസ്ഥാന സർക്കാറിന്റെ പ്രതികാര നടപടിയാണിതെന്ന് ബോധ്യപ്പെട്ട ജേക്കബ് തോമസ് തീർത്തും നിരാശയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് ഇദ്ദേഹത്തിന്റെ സ്വയം വിരമിക്കൽ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ നടപടികളെ വിമർച്ചതിനാണ് ജേക്കബ് തോമസിനെ 2017ൽ ആദ്യം സസ്‌പെൻഡ് ചെയ്യുന്നതത്.

മാത്രമല്ല, ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന ആത്മകഥയിൽ സർക്കാറിനെ വിമർശിച്ചതും സസ്‌പെൻഷനൊപ്പം വകുപ്പുതല അന്വേഷണത്തിനും കാരണമായിരുന്നു. തുറമുഖ വകുപ്പിൽ മണ്ണുമാന്തിക്കപ്പൽ വാങ്ങിയതിൽ അഴിമതി ചൂണ്ടിക്കാട്ടി വിജിലൻസ് അദ്ദേഹത്തിനെതിരെ കേസ് എടുത്തിരുന്നു. മാത്രമല്ല, ഇതിനൊപ്പം മുമ്പ് ഉണ്ടായിരുന്ന സസ്‌പെൻഷൻ കാലാവധി നീട്ടി നൽകുകയും ചെയ്തു. തന്റെ ആത്മകഥയിൽ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചു എന്ന ക്രൈംബ്രാഞ്ച് കേസും ജേക്കബ് തോമസിനെതിരെ നിലവിലുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More