മരട് ഫ്‌ളാറ്റ് കേസ്; മുൻ പഞ്ചായത്ത് അംഗങ്ങൾക്കെതിരെയും അന്വേഷണം

മരട് ഫ്‌ളാറ്റ് കേസിൽ മുൻ പഞ്ചായത്ത് അംഗങ്ങൾക്കെതിരെയും അന്വേഷണം. അനധികൃത നിർമാണത്തിന് ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയതാണ് ഇവർക്കെതിരെ അന്വേഷണം വ്യാപിക്കാൻ കാരണമായത്.
അതേസമയം, കേസിന്റെ അന്വേഷണം വിജിലൻസിന് വിടാൻ തീരുമാനിച്ചതായും സൂചനയുണ്ട്. അനധികൃത നിർമാണത്തിന് അനുമതി നൽകിക്കൊണ്ട് 2006ലാണ് പഞ്ചായത്ത് കമ്മിറ്റി ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയത്. തീരദേശ പരിപാലന നിയമത്തിന്റെ പേരിൽ നിർമാണം തടയരുതെന്നായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം. നിർമാണം തടയരുതെന്നാവശ്യപ്പെട്ട് ഇവർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു.
പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ നിർമാണത്തിന് അനുമതി നൽകിയ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും രണ്ട് പഞ്ചായത്ത് ഉദ്യോഗസ്ഥരും ഇപ്പോൾ റിമാൻഡിലാണ്. ഇതോടെയാണ് പ്രമേയത്തിൽ ഒപ്പിട്ട പഞ്ചായത്ത് അംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.
ഇതിനിടെ മരടിലെ ഫ്‌ളാറ്റ് നിർമാണ കമ്പനിയായ ആൽഫ വെഞ്ചേഴ്‌സ് ഉടമ പോൾ രാജിന്റെ അറസ്റ്റ് നാളെ വൈകിട്ട് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. നാളെ ജസ്റ്റിസ് ബാലകൃഷ്ണൻ കമ്മിറ്റിക്ക് മുൻപാകെ ഹാജരാകണമെന്ന് പോൾരാജ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് തടഞ്ഞത്.
അതേസമയം, മരട് ഫ്‌ളാറ്റ് കേസിന്റെ അന്വേഷണം വിജിലൻസിന് വിടാൻ തീരുമാനിച്ചതായി സൂചനയുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസായതിനാലാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here