സെക്കന്‍ഡില്‍ ഒരു ജിബി വരെ; കേരളത്തില്‍ ഇനി ഇന്റര്‍നെറ്റ് വിപ്ലവം

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് യാഥാര്‍ത്ഥ്യമാക്കുന്നതിനായാണ് കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് കെ ഫോണ്‍ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്.

പിന്നോക്കമേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാണ് കെഫോണ്‍ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ബാക്കി ഉള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. സംസ്ഥാനത്ത് സുശക്തമായ ഒരു ഒപ്റ്റിക്കല് ഫൈബര്‍ ശൃംഖല സ്ഥാപിച്ച് അത് വഴി വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

കെഎസ്ഇബിയും കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്‌ട്രെക്ടര്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ടെന്‍ഡര്‍. 2020 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസെന്‍സ് ഉള്ളവര്‍ക്ക് ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും കഴിയും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും അവരുടെ സേവനങ്ങള്‍ മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കെഫോണുമായി സഹകരിക്കാനുള്ള അവസരവും ഉണ്ട്.

പദ്ധതി വഴിയായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, സ്റ്റാര്‍ട്ട് അപ്പ് മേഖലകളില്‍ കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം. 30000 ല്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 എംബിപിഎസ് മുതല്‍ ഒരു ജിബിപിഎസ് വേഗതയില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാക്കും.

ഐടി പാര്‍ക്കുകള്‍, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളിലേക്ക് ഹെ സ്പീഡ് കണക്റ്റിവിറ്റി ലഭ്യമാക്കും. ട്രാഫിക് മാനേജ്‌മെന്റിനുള്ള സൗകര്യം ലഭ്യമാകും. ഗ്രാമങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഇ കോമേഴ്‌സ് വഴി വില്‍പ്പന നടത്താം. 2020 അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി 28000 കിലോ മീറ്റര്‍ നീളത്തില്‍ കോര്‍ നെറ്റ് വര്‍ക്ക് സര്‍വേ പൂര്‍ത്തീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top