മരട് ഫ്‌ളാറ്റ് വിഷയം; നിർമാണത്തിലെ ക്രമക്കേടിൽ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ പ്രതിക്കൂട്ടിലാക്കി സിപിഐഎം അംഗങ്ങൾ
മരടിലെ ഫ്‌ളാറ്റ് നിർമാണത്തിലെ ക്രമക്കേടിൽ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ പ്രതിക്കൂട്ടിലാക്കി സിപിഐഎം അംഗങ്ങൾ. മിനുട്‌സിലുള്ള വിവരങ്ങൾ എഴുതി ചേർത്തതാണെന്നും നിയമം ലംഘിച്ചുള്ള നിർമാണത്തിന് അനുമതി നൽകിയത് തങ്ങളുടെ അറിവോടെയല്ലെന്നും മുൻ പഞ്ചായത്ത് അംഗങ്ങൾ 24 നോട് പറഞ്ഞു. അതേസമയം ആരോപണം നിഷേധിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെഎ ദേവസ്യയും രംഗത്തെത്തി. വിവാദ
ഫ്‌ളാറ്റ് വിഷയത്തിൽ രാഷ്ട്രീയ നേതാക്കളുടെ പങ്ക് സംബന്ധിച്ച തെളിവ് 24 പുറത്ത് വിട്ടതിന് പിന്നാലെയാണ് അംഗങ്ങളുടെ വെളിപെടുത്തൽ.
തീരദേശ പരിപാലന നിയമത്തിൽ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് 2006 മാർച്ചിൽ മരട് പഞ്ചായത്ത് അംഗങ്ങൾ പാസാക്കിയ പ്രമേയമാണ് ഇത്. ഈ ആവശ്യമുന്നയിച്ചുകൊണ്ട് കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിക്ക് അപേക്ഷ സമർപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിയോട് യോഗം ആവശ്യപെട്ടു. വിവാദ ഫ്‌ളാറ്റുകൾക്ക് അനുമതി നൽകുന്നതിന് അന്നത്തെ പഞ്ചായത്തംഗങ്ങൾക്ക് കൃത്യമായ അറിവുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഈ രേഖകളാണ് പുറത്ത് വിട്ടത്. എന്നാൽ മിനുട്‌സിലുള്ള വിവരങ്ങൾ എഴുതി ചേർത്തതാണെന്നും നിയമം ലംഘിച്ചുള്ള നിർമാണത്തിന് അനുമതി നൽകിയത് തങ്ങളുടെ അറിവോടെയല്ലെന്നും സിപിഎം പ്രദേശിക നേതാക്കളായ മുൻ പഞ്ചായത്ത് അംഗങ്ങൾ 24 നോട് പറഞ്ഞു. എന്നാൽ ആരോപണം നിഷേധിച്ച് സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെഎ ദേവസ്യ രംഗത്തെത്തി.
മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ജൂനിയർ സൂപ്രണ്ട് സിഇ ജോസഫ് എന്നിവരെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം മുൻ പഞ്ചായത്തംഗങ്ങളുടെ ഇടപെടലിനെ കുറിച്ചും അന്വേഷിക്കാൻ തീരുമാനിച്ചത്. മുൻ പഞ്ചായത്ത് അംഗങ്ങളുടെ ഇടപെടൽ വ്യക്തമായ സ്ഥിതിക്ക് അന്ന് പഞ്ചായത്ത് ഭരിച്ചിരുന്ന സിപിഎം ഉൾപ്പടെ ഉള്ള പ്രദേശിക നേതൃത്വവും പ്രതിരോധത്തിലായിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here