അഭയാ കേസ്; ഡോക്ടര്‍മാരെ വിസ്തരിക്കരുതെന്ന ഹര്‍ജി തള്ളി

സിസ്റ്റര്‍ അഭയ കേസിന്റെ വിചാരണയില്‍ നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരെയും വിസ്തരിക്കും. ഡോക്ടര്‍മാരെ വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി തള്ളി. കേസിലെ മുഖ്യപ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സ്റ്റെഫിയുടെയും നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നതു നിയമ വിധേയമല്ലെന്നു ചൂണ്ടിക്കാട്ടി പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

ഡോക്ടര്‍മാരായ പ്രവീണ്‍, കൃഷ്ണവേണി എന്നിവരെ വിസ്തരിക്കാനായിരുന്നു പ്രോസിക്യൂഷന്‍ തീരുമാനിച്ചിരുന്നത്. തങ്ങളുടെ അനുമതിയില്ലാതെയാണ് നുണപരിശോധന നടത്തിയതെന്നും നാര്‍ക്കോ അനാലിസിസ് റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന തെളിവുകള്‍ സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ വാദിച്ചു. എന്നാല്‍ സിബിഐയുടെ ഭാഗം കേട്ട കോടതി പ്രതികളുടെ ഹര്‍ജി തള്ളി.

മുന്‍ ക്രൈം ബ്രാഞ്ച് എസ്‌ഐ പി ടി ജേക്കബിനെയും കോടതി വിസ്തരിച്ചു. സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങളടക്കമുള്ള തൊണ്ടിമുതലുകള്‍ കോട്ടയം ആര്‍ഡിഒ കോടതിയില്‍ നിന്ന് കേസന്വേഷണത്തിന്റെ ഭാഗമായി വാങ്ങിയതു തിരികെ നല്‍കിയില്ലെന്നു ജേക്കബ് കോടതിയില്‍ പറഞ്ഞു. ഈ മാസം 26 വരെയാണ് കേസിന്റെ രണ്ടാം ഘട്ട വിസ്താരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top