ജനവിധിക്ക് ഇനി മണിക്കൂറുകള്‍ മാത്രം; പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി

സംസ്ഥാനം ഒരു മാസത്തോളമായി കാത്തിരിക്കുന്ന ജനവിധി കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ നാളെ ബൂത്തിലെത്തും. പരസ്യ പ്രചാരണം അവസാനിച്ചതോടെ നിശബ്ദ പ്രചാരണത്തിലാണ് മുന്നണികള്‍. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. രാവിലെ തന്നെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ പരിശോധിച്ചു. തുടര്‍ന്ന് പത്തുമണിയോടെ പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു.

വോട്ടിംഗ് യന്ത്രങ്ങള്‍ ശരിയായ രീതിയില്‍ പരിശോധിച്ച് ക്രമീകരിച്ചതിനുശേഷം ഉദ്യോഗസ്ഥര്‍ ബൂത്തിലേക്ക് തിരിച്ചു. കേന്ദ്രസേന, ആംഡ് ബറ്റാലിയന്‍, കേരളാ പൊലീസ് എന്നിവരുടെ ത്രിതല സുരക്ഷാ സംവിധാനത്തിലായിരുന്നു പോളിംഗ് സാമഗ്രികള്‍ സൂക്ഷിച്ചിരുന്നത്. പ്രശ്‌നബാധിത ബൂത്തുകളില്‍ ലൈവ് കാസ്റ്റിംഗ് സംവിധാനവും മൈക്രോ ഒബ്‌സര്‍വര്‍മാരെയും ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

അഞ്ച് മണ്ഡലങ്ങളിലുമായി 140 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനമുണ്ടായിരിക്കും. അതേസമയം വോട്ട് അവകാശമുള്ള വിദ്യാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശിച്ചു. വോട്ട് അവകാശം വിനിയോഗിക്കാന്‍ അവസരം നിഷേധിച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അഞ്ച് മണ്ഡലങ്ങളിലുമായി 3696 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര വ്യവസായ സുരക്ഷിതത്വ സേനയെയും വിവിധ മണ്ഡലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top