ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരത്തിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരത്തിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. സിബിഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസിലാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.

നിലവിൽ ഐഎൻഎക്‌സ് മീഡിയ കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് ചിദംബരം. ചിദംബരത്തിന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ദില്ലി ഹൈക്കോടതിയുടെ സെപ്റ്റംബർ 30ലെ വിധി ചോദ്യം ചെയ്ത് കൊണ്ടുള്ള അപ്പീലിലാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. സിബിഐയുടെ കേസിൽ ജാമ്യം ലഭിച്ചുവെങ്കിലും ചിദംബരത്തിൻറെ ജയിൽ മോചനം ഉടനെ സാധ്യമാകില്ല.

വലിയ ഗൂഢാലോചന നടന്ന ഇടപാടാണിതെന്നും കൃത്യമായ തെളിവുണ്ടെന്നും സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ചിദംബരത്തിനും കാർത്തി ചിദംബരത്തിനും പുറമേ ഐഎൻഎക്‌സ് മീഡിയയുടെ വ്യവസായ പങ്കാളി പീറ്റർ മുഖർജി, ചാർട്ടേർഡ് അക്കൗണ്ടന്റ് എസ് ഭാസ്‌കര രാമൻ, നീതി ആയോഗ് മുൻ സിഇഒ സിന്ധുശ്രീ ഖുല്ലർ തുടങ്ങി പതിനാല് പേരാണ് പ്രതിപട്ടികയിലുള്ളത്. കൂട്ടുപ്രതി ഇന്ദ്രാണി മുഖർജിയെ സിബിഐ മാപ്പു സാക്ഷിയാക്കിയിരുന്നു.

ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് ഐഎൻഎക്‌സ് മീഡിയക്ക് വിദേശത്തുനിന്ന് മുതൽ മുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭിച്ചത്. വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിൻറെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അർഹതയുള്ളൂ. എന്നാൽ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്. ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More