Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (22-10-2019)

October 22, 2019
Google News 1 minute Read

മരട് ഫ്‌ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം അനുവദിച്ചു; തുക ഉടൻ അക്കൗണ്ടിൽ നിക്ഷേപിക്കും

മരടിലെ 38 ഫ്‌ളാറ്റ് ഉടമകൾക്ക് സർക്കാർ നഷ്ടപരിഹാരം അനുവദിച്ചു. ആറുകോടി 98 ലക്ഷം രൂപയാണ് ഫ്‌ളാറ്റ് ഉടമകൾക്കായി അനുവദിച്ചത്. ഉടമകളുടെ അക്കൗണ്ടിൽ ഉടൻ പണം നിക്ഷേപിക്കും. 107 പേർക്ക് നഷ്ടപരിഹാരം നൽകാനാണ് ജസ്റ്റിസ് കെ ബാലകൃഷ്‌നൻ നായർ കമ്മിറ്റി ശുപാർശ ചെയ്തത്. 86 ഫ്‌ളാറ്റ് ഉടമകൾ ഇതുവരെ നഷ്ടപരിഹാരത്തിന് സമീപിച്ചില്ലെന്ന് കമ്മിറ്റി അറിയിച്ചു.

സാങ്കേതിക സർവ്വകലാശാല പരീക്ഷാ പരിഷ്‌കരണത്തിൽ കെ.ടി ജലീൽ ഇടപെട്ടുവെന്ന് ചെന്നിത്തല;  കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശം നൽകുകയാണ് ചെയ്തതെന്ന് മന്ത്രിയുടെ ഓഫീസ്

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതിക സർവ്വകലാശാല പരീക്ഷാ പരിഷ്‌കരണത്തിൽ മന്ത്രി കെ.ടി ജലീൽ നേരിട്ട് ഇടപെട്ടെന്നാണ് ആരോപണം.എന്നാൽ സാങ്കേതിക സർവ്വകലാശാലയിൽ ഇടപെട്ടിട്ടില്ലെന്നും പരാതി പരിഹരിക്കാനുള്ള കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശം നൽകുകയാണ് ചെയ്തതെന്നും മന്ത്രി കെ ടി ജലീലിൻറെ ഓഫീസ് വിശദീകരണം നൽകി.

കൊച്ചി ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവം; സിപിഐ നേതാക്കൾക്ക് ജാമ്യം

കൊച്ചി ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ സിപിഐ നേതാക്കൾക്ക് ജാമ്യം. നേതാക്കളെ റിമാൻഡ് ചെയ്യണമെന്ന ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇന്ന് രാവിലെയാണ് മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു ഉൾപ്പെടെ പത്ത് പേർ കീഴടങ്ങിയത്. മാർച്ച് നടത്തിയ സംഭവത്തിൽ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

നവംബര്‍ 20 ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൃശൂരില്‍ ചേര്‍ന്ന കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. പൊതുമേഖലയും സ്വകാര്യമേഖലയും ഒരുപോലെ സംരക്ഷിക്കത്തക്ക നിലയില്‍ ഗതാഗത നയം രൂപീകരിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെയുള്ള ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, സ്വകാര്യ ബസുകളിലേതുപോലെ കെഎസ്ആര്‍ടിസിയിലും വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

കൊച്ചി കോര്‍പറേഷന്‍ സര്‍ക്കാര്‍ പിരിച്ചുവിടാത്തതെന്ത്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കോര്‍പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജനങ്ങള്‍ ദുരിതക്കയത്തിലാണ്. ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കുന്നതിനുള്ള അവസരം ഒരുക്കണം. കൊച്ചിന്‍ കോര്‍പറേഷന്‍ സര്‍ക്കാര്‍ പിരിച്ചുവിടാത്തത് എന്തുകൊണ്ടെന്നും ഹൈക്കോടതി ചോദിച്ചു. കൊച്ചി നഗരത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോര്‍പറേഷന് കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കണം. എന്തുകൊണ്ട് ഇത്തരം നടപടി സര്‍ക്കാര്‍ ചെയ്യുന്നില്ല. നൂറുകണക്കിന് മനുഷ്യര്‍ ഇന്നും വെള്ളത്തില്‍ ജീവിക്കുന്ന ഒരു സാഹചര്യമാണുള്ളതെന്ന് ഹൈക്കോടതി എടുത്തുപറഞ്ഞു.

സോഷ്യൽ മീഡിയക്ക് കടിഞ്ഞാണുമായി കേന്ദ്രസർക്കാർ

സോഷ്യൽ മീഡിയയെ നിയമനിർമാണത്തിലൂടെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഫെസ്ബുക്ക് നൽകിയ ഹർജിയിൽ ഇന്നലെയാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സുപ്രിംകോടതിയിൽ നൽകിയത്. സത്യവാങ്മൂലത്തിന്റെ ഉള്ളടക്കത്തിലാണ് രാജ്യത്ത് സമൂഹമാധ്യമങ്ങളെ നിയമം മൂലം നിയന്ത്രിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയത്.

ഭാരത് പെട്രോളിയം ഓഹരി വിൽപന: ടെൻഡർ തിയതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ഭാരത് പെട്രോളിയം ഓഹരി വിൽപനക്കുള്ള ടെൻഡർ തിയതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ബിപിസിഎൽ ലേലത്തിൽ പങ്കെടുക്കുന്ന കമ്പനികളുടെ ടെൻഡർ നവംബർ നാലിന് തുറക്കും. നവംബർ 11ന് അല്ലെങ്കിൽ 12ന് ഓഹരികൾ കൈമാറുന്ന വിദേശകമ്പനിയെ പ്രഖ്യാപിക്കാനും തീരുമാനമായിട്ടുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here