കൂടത്തായി കൊലപാതക പരമ്പര; സിലിയുടെ സ്വർണം ഷാജുവിനെ തിരിച്ചേൽപ്പിച്ചതായി ജോളി

കൂടത്തായി സിലി കൊലക്കേസിൽ ആശുപത്രി ജീവനക്കാർ കൈമാറിയ സിലിയുടെ സ്വർണം ഭർത്താവ് ഷാജുവിനെ തിരിച്ചേൽപ്പിച്ചിരുന്നതായി പ്രതി ജോളിയുടെ മൊഴി. എത്ര പവൻ സ്വർണമുണ്ടായിരുന്നുവെന്ന കാര്യം അറിയില്ലെന്നും ജോളി പൊലീസിന് മൊഴി നൽകി.

അതേസമയം, വടകര കോസ്റ്റൽ സ്റ്റേഷനിൽ ജോളിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
സിലിയുടെ മരണ ദിവസം സിലി അണിഞ്ഞിരുന്ന ആഭരണങ്ങൾ ആശുപത്രി ജീവനക്കാർ ജോളിക്കായിരുന്നു കൈമാറിയിരുന്നത്. ഈ സ്വർണം പിന്നീട് കാണാതായെന്ന് സിലിയുടെ ബന്ധുക്കൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

എന്നാൽ, ഇന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സ്വർണം ഷാജുവിന്റെ കൈയ്യിൽ തിരിച്ചേൽപ്പിച്ചിരുന്നതായി ജോളി അന്വേഷണ സംഘത്തിന് മൊഴി നൽകി. എത്ര പവൻ സ്വർണമുണ്ടായിരുന്നുവെന്ന കാര്യം അറിയില്ലെന്നും ജോളി പറഞ്ഞു. അന്നേ ദിവസം മണിക്കൂറുകൾക്കുള്ളിൽ മൂന്ന് തവണയാണ് സിലിക്ക് സൈനേഡ് നൽകിയത്.

ഭക്ഷണത്തിലും, ഗുളികയിലും, വെള്ളത്തിലുമായി സയനൈഡ് നൽകിയതായി ജോളി പൊലീസിനോട് പറഞ്ഞു. താമരശേരി ദന്താശുപത്രിയിൽ കുഴഞ്ഞു വീണ സിലിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാതെ മൂന്നര കിലോമീറ്റർ അധികം ചുറ്റി ഓമശ്ശേരിയിലേക്ക് കൊണ്ട് പോയത് മരണം ഉറപ്പുവരുത്താനായിരുന്നുവെന്നും ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു.

അതേസമയം, അടുത്ത ദിവസം ജോളിയെ  ദന്താശുപത്രിയിലും ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലുമെത്തിച്ച് വീണ്ടും തെളിവെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top