മരട്: ആൽഫാ വെഞ്ചേഴ്‌സ് ഫ്‌ളാറ്റ് ഉടമ പോൾ രാജ് കോടതിയിൽ കീഴടങ്ങി

മരട് ഫ്‌ളാറ്റ് നിർമാണക്കേസിൽ പ്രതിയായ ആൽഫാ വെഞ്ചേഴ്‌സ് ഉടമ പോൾ രാജ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയ പശ്ചാത്തലത്തിലാണ് പോൾരാജ് കീഴടങ്ങിയത്. പോൾ രാജിനെ അടുത്ത മാസം 5 വരെ റിമാൻറ് ചെയ്തു.

എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കോടതി നിർദേശിച്ചതനുസരിച്ച് കേസ് ഡയറി ക്രൈംബ്രാഞ്ച് ഹാജരാക്കിയിരുന്നു. ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി പോൾ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ തളളിയത്.
അതേസമയം മുൻ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മരട് പഞ്ചായത്തിലെ സിപിഐഎം അംഗങ്ങളായിരുന്ന പി കെ രാജു, എം ഭാസ്‌കരൻ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. പഞ്ചായത്തംഗങ്ങളെ സാക്ഷികളാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

മരടിൽ നിയമം ലംഘിച്ചു നിർമിച്ച ഫ്ളാറ്റുകൾ പൊളിച്ചു കളയാൻ സുപ്രിം കോടതി ഉത്തരവിട്ടതിനെത്തുടർന്ന് ആൽഫ സെറീൻ അപ്പാർട്ട്മെന്റിലെ താമസക്കാരിയായിരുന്ന സൂസൻ തോമസ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ പോൾ രാജിന് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. മുമ്പ് കേസിൽ ഹോളി ഫെയ്ത്ത് എംഡി സാനി ഫ്രാൻസിസ് ഉൾപ്പെടെ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top