വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നേറ്റം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നേറ്റം. വട്ടിയൂര്‍ക്കാവില്‍ ആദ്യം മുതല്‍ ലീഡ് നില ഉയര്‍ത്തിയ വി കെ പ്രശാന്ത് ഒരു ഘട്ടത്തിലും പിന്നിലേക്ക് പോയിട്ടില്ല. നിലവിലെ കണക്കുകള്‍ അനുസരിച്ച് 2552 ആണ് വി കെ പ്രശാന്തിന്റെ ലീഡ്. കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ 2007 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.

തുടക്കത്തില്‍ പിന്നിലായിരുന്ന കെ യു ജനീഷ് കുമാര്‍ പിന്നീടാണ് ലീഡ് നിലയിലേക്ക് തിരിച്ചുവന്നത്.
രണ്ടും കോണ്‍ഗ്രസിന്റെ ശക്തമാ മണ്ഡലങ്ങളാണെന്നതാണ് പ്രത്യേകത. 23 വര്‍ഷം അടൂര്‍ പ്രകാശ് കാത്ത കോന്നിയെ മോഹന്‍രാജ് നിലനിര്‍ത്തുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ നിലവിലെ കണക്കുകള്‍ പ്രകാരം ഈ പ്രതീക്ഷ നഷ്ടപ്പെടുകയാണ്.

കരുത്തുറ്റ സംഘടനാ സംവിധാനം ഉണ്ടായിട്ടും രണ്ടു പതിറ്റാണ്ടായി അടൂര്‍ പ്രകാശിനു മുന്നില്‍ അടിയറവു പറയുന്ന ഇടതു മുന്നണിക്ക് കോന്നിയില്‍ ഇത്തവണ ജയിച്ചു മുന്നേറാനാകുമെന്നാണ് പ്രതീക്ഷ.

യുഡിഎഫിന്റെ സുരക്ഷിതകോട്ടകളിലൊന്നായ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. വിജയമല്ലാതെ മറിച്ചൊന്നും കോണ്‍ഗ്രസ് ഇവിടെ പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.23 ആയിരുന്നു പോളിംഗ്. ഇത്തവണ 62.66 ശതമാനമാണ് പോളിംഗ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top