കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത- ഓറഞ്ച് അലേർട്ട്

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദങ്ങളുടെ പ്രഭാവം മൂലം കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു.
കിഴക്കും പടിഞ്ഞാറുമുള്ള ഈ രണ്ട് ന്യൂനമർദങ്ങളുടെ പ്രഭാവം കേരളത്തിലെ കാറ്റിന്റെയും മഴയുടെയും സ്വഭാവത്തിൽ ഓരോ മണിക്കൂറിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്.
തുടർച്ചയായി മാറുന്ന ദൈനംദിന കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ന്യൂനമർദ പ്രദേശങ്ങളുടെ ശക്തി പ്രാപിക്കലും സഞ്ചാരപഥവും ഓരോ നിമിഷവും കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ന്യൂനമർദം നമ്മുടെ പ്രഭാവ മേഖല വിട്ട് പോകുന്നത് വരെ ജാഗ്രത തുടരാനാണ് ദുരന്ത നിവാരണ അതോറിറ്റി സർക്കാർ സംവിധാനങ്ങളോടും പൊതുജനങ്ങളോടും നിർദേശിക്കുന്നത്.
തുലാവർഷവും ന്യൂനമർദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിലും കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായതോ (24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ) ശക്തമായതോ (24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ) ആയ മഴക്കുള്ള സാധ്യതയുണ്ട്. മഴ കൂടുതലും വൈകുന്നേരങ്ങളിലും രാത്രിയിലുമാകാനാണ് സാധ്യത.
അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സംബന്ധിച്ച കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ജില്ലാതല പ്രവചനം
ഒക്ടോബർ 24 ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ഒക്ടോബർ 24 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഒക്ടോബർ 25 ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ഒക്ടോബർ 26 ന് കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ഒക്ടോബർ 27 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ഒക്ടോബർ 28 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
വൈകുന്നേരങ്ങളിലെ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക പ്രളയങ്ങളും മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകൾ
ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടാകുന്ന പക്ഷം ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. അതിനാൽ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കേണ്ടതാണ്. അപകട മേഖലയിൽ താമസിക്കുന്നവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പാലിക്കണം.
നദികളിലെ ജലനിരപ്പ് സസൂക്ഷ്മം നിരീക്ഷിക്കേണ്ടതും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അപകട മേഖലകളിലുള്ളവരെ ഉടനടി മാറ്റി താമസിപ്പിക്കേണ്ടതുമാണ്.
അണക്കെട്ടുകളിലെ ജലനിരപ്പുകളും വെള്ളം പുറത്തേക്കൊഴുക്കുന്നതും സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി നിരന്തരമായി അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ഡാമിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുമെന്ന് മുന്നറിയിപ്പ് ലഭിക്കുന്ന പശ്ചാത്തലത്തിൽ ഡാമുകളുടെ ഡൗൺ സ്ട്രീമിൽ താമസിക്കുന്നവർ പ്രത്യേകം കരുതൽ സ്വീകരിക്കേണ്ടതാണ്.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുന്ന പശ്ചാത്തലത്തിൽ പൊടുന്നനെയുണ്ടാകാൻ സാധ്യതയുള്ള മിന്നൽ പ്രളയങ്ങളും വെള്ളക്കെട്ടും പ്രതീക്ഷിക്കേണ്ടതാണ്.
കേരളത്തിലെ മുഴുവൻ ജില്ലകളിലും 24 മണിക്കൂറും അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സഹായങ്ങൾക്കും വിവരങ്ങൾക്കും ടോൾ ഫ്രീ നമ്പറായ 1077 ബന്ധപ്പെടുക.
സാങ്കേതിക വിദഗ്ധരുടെയും വിവിധ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥരുടെയും ഉൾപ്പെടെ സേവനം ലഭ്യമാക്കികൊണ്ട് പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്ന സംസ്ഥാന അടിയന്തഘട്ട കാര്യ നിർവഹണ കേന്ദ്രം ഇന്നും തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളത്തെ അവസ്ഥ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here