32 സ്ത്രീകളെ പീഡിപ്പിച്ച് സയനൈഡ് നൽകി കൊന്ന മോഹൻ കുമാറിന് നാലാം വധശിക്ഷ

മുപ്പത്തിരണ്ടോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ സയനൈഡ് മോഹൻ കുമാറിന് നാലാം വധശിക്ഷ. പതിനേഴാമത്തെ കേസിലാണ് മംഗളൂരു ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
ബണ്ട്‌വാളിൽ അംഗൻവാടി ജീവനക്കാരി ശശികലയെ പീഡിപ്പിച്ച ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് വിധി. ലീലാവതി, അനിത, സുനന്ദ എന്നീ യുവതികളെ കൊലപ്പെടുത്തിയ കേസിലാണ് മുമ്പ് വധശിക്ഷ വിധിച്ചത്. 2003, 2009 കാലയളവിലാണ് കായിക അധ്യാപകനായ മോഹൻകുമാർ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഗർഭനിരോധന ഗുളികയിൽ സയനൈഡ് നൽകി യുവതികളെ കൊലപ്പെടുത്തിയത്.
സാമ്പത്തികമായി ശരാശരിയിലും താഴെ നിൽക്കുന്ന കുടുംബങ്ങളിലെ, വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന പെൺകുട്ടികളായിരുന്നു മോഹൻ കുമാറിന്റെ ഇരകൾ. സൗഹൃദം സ്ഥാപിച്ച ശേഷം ഹോട്ടലുകളിൽ എത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സയനൈഡ് പുരട്ടിവച്ച ഗർഭനിരോധന ഗുളിക നിർബന്ധിച്ച് നൽകും. ശുചിമുറിയിൽ എത്തിയാണ് യുവതികൾ ഗുളികകൾ കഴിക്കുന്നത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നതോടെ ശുചിമുറിയിൽ കുഴഞ്ഞുവീണ് അവർ മരണപ്പെടും. തുടർന്ന് സ്വർണവുമായി ഇയാൾ കടന്നുകളയുകയാണ് ചെയ്യുന്നത്.
Read also:ഗർഭനിരോധന ഗുളികയിൽ സയനൈഡ് ചേർത്ത് കൊന്നത് 32 യുവതികളെ; ‘സയനൈഡ് മോഹൻ’ എന്ന സീരിയൽ കില്ലർ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here