സൗദിയിലെ ഹഫർ അൽ ബാതിനിൽ കനത്ത മഴ; ഏഴ് മരണം

സൗദിയിലെ ഹഫർ അൽ ബാതിനിൽ ശക്തമായ മഴയിൽ ഏഴ് പേർ മരിച്ചു. നിരവധി നാശനഷ്ടങ്ങൾ റിപോർട്ട് ചെയ്തു. സുരക്ഷാ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ശക്തമായ മഴയാണ് സൗദിയിലെ ഹഫർ അൽ ബാതിനിൽ ലഭിക്കുന്നത്. മഴയിൽ ഇതുവരെ ഏഴ് പേർ മരണപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് അറിയിച്ചു. നിരവധി വാഹനങ്ങൾക്കും വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. നിരവധി പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. പലരെയും പ്രത്യേക ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. സഹായം അഭ്യർത്ഥിച്ച് നൂറുക്കണക്കിന് ആളുകളാണ് തങ്ങളുമായി ബന്ധപ്പെടുന്നതെന്ന് സിവിൽ ഡിഫൻസ് കിഴക്കൻ പ്രവിശ്യാ വക്താവ് അബ്ദുൽഹാദി ശഹ്‌റാനി പറഞ്ഞു.
Read Also : സൗദി സന്ദർശിക്കുന്നവർ 60,000 റിയാലിൽ കൂടുതൽ കൈവശം സൂക്ഷിച്ചാൽ കസ്റ്റംസിനെ അറിയിക്കണമെന്ന് കർശന നിർദേശം
‘മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. ശക്തമായ മഴയുള്ള സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. പരിചയമില്ലാത്ത ഭാഗങ്ങളിലൂടെയും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയും യാത്ര ചെയ്യരുത്. വീട്ടിൽ വൈദ്യുതാഘാതം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രളയത്തിന് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ആവശ്യ സാധനങ്ങളും മരുന്നുകളും വീട്ടിൽ പ്രത്യേകം തയ്യാറാക്കി
വയ്ക്കണം. അപകടാവസ്ഥയിൽ സ്വന്തം വീട്ടിൽ നിൽക്കുന്നതിന് പകരം സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറണം. സഹായത്തിന് സിവിൽ ഡിഫൻസിൻറെ 998 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം’ -ശഹ്‌റാനി പറഞ്ഞു. ആലിപ്പഴ വർഷത്തോടെയാണ് പല ഭാഗത്തും മഴ പെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here