അടുത്തവര്‍ഷത്തോടെ കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ അനുവദിക്കും

അടുത്തവര്‍ഷത്തോടെ കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ അനുവദിക്കുമെന്നും പാത ഇരട്ടിപ്പിക്കല്‍ നടപടി പൂര്‍ത്തിയായ ശേഷം സര്‍വീസ് ആരംഭിക്കുമെന്നും റെയില്‍വേ. കേരളത്തിലെ യാത്രക്കാരുടെ ആവശ്യങ്ങള്‍ റെയില്‍വേയുടെ ടൈംടേബിള്‍ കമ്മിറ്റി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ് ട്രെയിനുകള്‍ സംസ്ഥാനത്ത് അനുവദിക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.

ബംഗളൂരുവില്‍ നിന്നും മംഗലാപുരത്തുനിന്നും രണ്ടുവീതം ട്രെയിനുകളും ഹൈദരാബാദില്‍ നിന്നും മുംബൈയില്‍ നിന്നും ഒരോ ട്രെയിനുകള്‍ വീതവുമാണ് നിര്‍ദേശിക്കപ്പെട്ടത്. ഇതില്‍ മംഗലാപുരം – തിരുവനന്തപുരം റൂട്ടിലെ രണ്ടെണ്ണം ഒഴിച്ച് മറ്റ് നാല് ട്രെയിനുകള്‍ക്കും റെയില്‍ മന്ത്രാലയം പച്ചക്കൊടി കാണിച്ചു.

പാതയിരട്ടിപ്പിക്കല്‍ നടപടി പൂര്‍ത്തിയായ ശേഷം ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന
വ്യവസ്ഥയോടെയാണ് പുതിയ ട്രെയിനുകള്‍ അനുവദിച്ചത്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെ പാതയിരട്ടിപ്പിക്കല്‍ നടപടി 2020 മധ്യത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ നിഗമനം. ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനം വരെയുള്ള പതിനാറര കിലോമീറ്റര്‍ ദൂരത്തെ നിര്‍മാണ പ്രവര്‍ത്തനം മാത്രമാണ് ഇനി ബാക്കിയുള്ളത്. മംഗലാപുരം – തിരുവനന്തപുരം റൂട്ടില്‍ പകല്‍ സമയത്തോടുന്ന രണ്ട് ട്രെയിനുകളെന്ന നിര്‍ദേശം ഇപ്പോള്‍ അംഗീകരിച്ചില്ലെങ്കിലും 2020 അവസാനത്തോടെ അനുവദിക്കുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top