പ്രളയം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഫറൂഖിലെ കരിമ്പാടം കോളനി നിവാസികള്‍ക്ക് ദുരിതം മാത്രം

പ്രളയം കഴിഞ്ഞു മാസങ്ങള്‍ പിന്നിട്ടിട്ടും കോഴിക്കോട് ഫറൂഖിലെ കരിമ്പാടം കോളനി നിവാസികള്‍ക്ക് ദുരിതം മാത്രം. ഭൂരിഭാഗം വീടുകളുടെ മുറ്റത്തും ചെളി വെള്ളം കെട്ടി കിടക്കുകയാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനൊപ്പം സാംക്രമിക രോഗങ്ങള്‍ പടരുമോ എന്ന ആശങ്കയിലാണ് കരിമ്പാടം കോളനി നിവാസികള്‍.

പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട ഇവര്‍ക്ക് ഇതുവരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. വീടുകള്‍ക്ക് ചുറ്റും ഇപ്പോഴും മലിന ജലം കെട്ടി കിടക്കുകയാണ്. 97 വീടുകളിലായി 400 ലേറെ ആളുകളാണ് ഇവിടെ തിങ്ങി പാര്‍ക്കുന്നത്. ഒരു മഴ പെയ്താല്‍ ഇവരുടെ ജീവിതം ദുരിതത്തിലാവും. തൊട്ടടുത്തുള്ള തോണി ചിറയില്‍ വെള്ളം കയറിയാല്‍ ദുരിതം ഇരട്ടിക്കും. കോളനിക്ക് ചുറ്റും കെട്ടി കിടക്കുന്ന വെള്ളം ഒഴുകി പോവാന്‍ ഒരു ഓട പോലും നിര്‍മിച്ചു നല്‍കാന്‍ അധികാരികള്‍ തയാറായിട്ടില്ല.

ഈ മലിന ജലത്തില്‍ നിന്നും വരുന്ന ദുര്‍ഗന്ധവും കൊതുക് ശല്യവും ഇവരുടെ ആരോഗ്യത്തിനും ഭീഷണിയാവുകയാണ്. ഇതിന് പുറമെയാണ് രൂക്ഷമായ കുടിവെള്ള ക്ഷാമവും. വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഓരോ ദിവസവും തള്ളി നീക്കുന്നത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top