മരട് ഫ്ളാറ്റ് പ്രശ്‌നം: സ്ഫോടന പദ്ധതി വിശദാംശങ്ങൾ കമ്പനികൾ സർക്കാരിന് സമർപ്പിക്കും

മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ കരാർ ലഭിച്ച കമ്പനികൾ സ്ഫോടന പദ്ധതിയെ സംബന്ധിച്ച വിവരങ്ങൾ സർക്കാരിന് സമർപ്പിക്കും. നവംബർ പത്തിന് മുമ്പായി പ്ലാൻ സമർപ്പിക്കുമെന്നാണ് സൂചന. സ്ഫോടന സമയം ഉൾപ്പെടെ വ്യക്തമായ രൂപരേഖയാണ് പദ്ധതിയിലുണ്ടാവുക.

സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതിന് മുമ്പ് വ്യക്തമായ തയ്യാറെടുപ്പ് വേണമെന്ന് നിബന്ധനയുണ്ട്. സ്ഫോടന സമയത്തുള്ള അപകട സാധ്യത, നിയന്ത്രണ മാർഗങ്ങൾ, സ്ഫോടന പ്രക്രിയയുടെ രൂപകൽപന, പൊതുജനങ്ങളുടെയും പദ്ധതിയിൽ ഏർപ്പെടുന്ന തൊഴിലാളികളുടെയും സമീപത്തെ സ്വത്തുക്കളുടെയും സംരക്ഷണം, മറ്റ് ആവശ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് പദ്ധതി തയ്യാറാക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റുകൾ പൊളിക്കാൻ കരാർ ലഭിച്ച കമ്പനികൾ സ്ഫോടന പദ്ധതിയെ സംബന്ധിച്ച വിവരങ്ങൾ സർക്കാരിന് സമർപ്പിക്കുക.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഫ്ളാറ്റ് പൊളിക്കാൻ കരാറെടുത്ത കമ്പനികളുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന യോഗം നവംബർ ആദ്യവാരത്തിൽ ചേരും. കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ നടപടികൾക്ക് യോഗം രൂപം നൽകും.

മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത് തീരദേശ നിയമം ലംഘിച്ച് നിർമിച്ചതിന്റെ അടിസ്ഥാനത്തിലാണ്. ഹോളിഫെയ്ത്ത് എച്ച്ടുഒ, ആൽഫസെറിൻ, ജെയിൻ കോറൽകോവ് എന്നീ ഫ്ളാറ്റുകളാണ് കോടതി വിധി പ്രകാരം പൊളിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top