‘രക്ഷാപ്രവർത്തനം വൈകും; കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ട്’: ദുരന്ത നിവാരണ അതോറിറ്റി തലവൻ ട്വന്റിഫോറിനോട്

തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ അകപ്പെട്ട രണ്ടര വയസുകാരനെ പുറത്തെത്തിക്കാനുള്ള
രക്ഷാപ്രവർത്തനം വൈകുമെന്ന് തമിഴ്‌നാട് ദുരന്ത നിവാരണ അതോറിറ്റി തലവൻ ജെ രാധാകൃഷ്ണാൻ ട്വന്റിഫോറിനോട്. സമാന്തര കിണർ നിർമാണം 40 അടി പിന്നിട്ടു. 98 അടി ആഴത്തിലാണ് കിണർ കുഴിക്കേണ്ടത്. 12 മണിക്കൂറാണ് ഇനിയും പ്രവർത്തനങ്ങൾ തുടരേണ്ടതെന്നും രാധാകൃഷ്ണൻ പറഞ്ഞു.

ബലൂൺ സാങ്കേതിക വിദ്യയടക്കമുള്ള ബദൽ മാർഗങ്ങൾ പരിശോധിച്ചു. എന്നാൽ നിലവിൽ ഇക്കാര്യം പ്രായോഗികമായി നടപ്പാക്കാനാകില്ല. കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് ആശങ്കയുണ്ട്. രക്ഷാപ്രവർത്തനം തടസമില്ലാതെ തുടരുമെന്നും ജെ രാധാകൃഷ്ണൻ പ്രതികരിച്ചു.

തിരുച്ചിറപ്പള്ളി മണപ്പാറയിലെ എടയ്ക്കാട്ടുപെട്ടിയിലാണ് രണ്ടര വയസുകാരൻ സുജിത് വെള്ളിയാഴ്ച വൈകിട്ട് കുഴൽക്കിണറിൽ വീണത്. 600 അടി താഴ്ചയുള്ള കിണറ്റിൽ 88 അടി താഴ്ചയിലാണ് കുട്ടി അകപ്പെട്ടിരിക്കുന്നത്. പൈപ്പ് വഴി കിണറിൽ ഓക്‌സിജൻ ലഭ്യമാക്കുന്നുണ്ട്. കിണറ്റിൽ ഇറക്കിയ മൈക്രോ ക്യാമറകൾ വഴി കുട്ടിയെ നീരീക്ഷിക്കുന്നുണ്ട്. കുട്ടി ശ്വാസമെടുക്കുന്നത് നേരത്തെ ഉറപ്പു വരുത്താനായിരുന്നു.

Read also: മനസ് നീറുമ്പോഴും മകന് വേണ്ടി തുണി സഞ്ചി നെയ്ത് അമ്മ; നൊമ്പരമായി തിരുച്ചിറപ്പള്ളിയിൽ നിന്ന് ഈ ചിത്രം

എന്നാൽ ഇന്നലെ അർധരാത്രിക്ക് ശേഷം കുട്ടിയുടെ അനക്കം പ്രകടമല്ല. ദേശീയ ദുരന്ത നിവാരണ സേന, വിവിധ സംസ്ഥാന ഏജൻസികൾ, വിവിധ സർവകലാശാലകളിൽ നിന്നുള്ള എഞ്ചിനീയർമാർ , ദുരന്ത നിവാരണ സന്നദ്ധ സംഘടനകൾ എന്നിവരാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഉപമുഖ്യമന്ത്രി ഒ പനീർ ശെൽവവും 5 മന്ത്രിമാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വിലയിരുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top