ഇനി മെഡിക്കല്‍ കോളജുകളുടെ ആവശ്യമില്ല; പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്: സ്പീക്കര്‍

പ്രളയം ജനങ്ങള്‍ക്ക് അവബോധം ഉണ്ടാകാന്‍ നല്ലൊരു അവസരമായിരുന്നുവെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നവകേരള പുനര്‍നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചാവേദിയായ റൗണ്ട് ടേബിളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല കാര്യങ്ങളും അതിന്റെ വിശദമായ അര്‍ത്ഥത്തില്‍ മനസിലാക്കാതെ എതിര്‍ത്തതിന്റെ അനന്തര ഫലങ്ങള്‍ ഈ പ്രളയത്തിന്റെ കാരണമാണ്. സാമൂഹ്യജീവിതത്തില്‍ അനിവാര്യമായി കാണേണ്ട ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പരമ്പരാഗത ജലശ്രോതസുകളുടെ പുനരുദ്ധാരണം. പരിസ്ഥിതി, മണ്ണ് സംരക്ഷണം എന്നിവയെല്ലാം വേണം. ഉപരിപ്ലവമായി പോകുന്ന രീതിയാണ് കേരളത്തിലുള്ളത്.

മെഡിക്കല്‍ കോളജുകള്‍ക്കുവേണ്ടി പലരും ബഹളം കൂട്ടുന്നുണ്ട്. പക്ഷേ ഇനി കേരളത്തില്‍ മെഡിക്കല്‍ കോളജുകളുടെ ആവശ്യമേ ഇല്ല. എല്ലാ താലൂക്കുകളിലും എല്ലാ ജില്ലയിലും മെഡിക്കല്‍ കോളജിന്റെ ആവശ്യമൊന്നുമില്ല. പോളിക്ലിനിക്കുകളോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വലിയ രീതിയില്‍ വികസിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു. ആദ്യം മണ്ഡലത്തില്‍ ഒന്ന്, പിന്നീട് പഞ്ചായത്തില്‍ ഒന്ന് എന്ന രീതിയിലേക്ക് വരികയാണ്. പ്രതിപക്ഷ എംഎല്‍എമാര്‍ പോലും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നുണ്ട്. സിഎസ്ആര്‍ ഫണ്ടുപോലുള്ളവ സംഘടിപ്പിച്ച് മാതൃകാ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഒരു നിശബ്ദ വിപ്ലവമാണെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികളുടെ ശക്തമായ നേതൃത്വം ഉണ്ടെങ്കില്‍ മുന്നോട്ടുപോകാവുന്ന ഒരുപാട് മേഖലകളുണ്ട്. അതിന് നിയമ നിര്‍മാണത്തിന്റെയോ സര്‍ക്കാര്‍ ഉത്തരവുകളുടെയോ ഒന്നും ആവശ്യമില്ല. ജനകീയമായ നേതൃത്വത്തിന്റെ ശക്തിയില്‍ നേടിയെടുക്കാമായിരുന്ന കാര്യങ്ങളില്‍ നമുക്ക് പറ്റിയ വീഴ്ചകളെക്കുറിച്ച് ഇനിയെങ്കിലും ചിന്തിക്കണം. നവകേരളം പ്രളയത്തിന്റെ അവസരത്തില്‍ ഉയര്‍ന്നുവന്നതാണെങ്കിലും പ്രളയത്തെ മറികടക്കാനുള്ളത് മാത്രമല്ല. പുതിയ കേരളത്തിന്റെ സങ്കല്‍പ്പവും നടപടികളുമാണ്. കേരളത്തിലെ വിദ്യാഭ്യാസ രംഗം ഇന്ത്യയില്‍ ശ്രദ്ധേയമായി മാറുന്നു. ഇത് ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

നവകേരള നിര്‍മിതിക്കുള്ള ആശയരൂപീകരണം ലക്ഷ്യമിട്ട് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന റൗണ്ട് ടേബിള്‍ തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‌സ് റോഡിലെ ഉദയ് പാലസിലാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ സമാഹരിച്ച് ട്വന്റിഫോര്‍ നവകേരള നിര്‍മിതിക്കായി സര്‍ക്കാരിന് കൈമാറും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top