മാവോയിസ്റ്റുകള്‍ക്ക് എതിരെയുള്ള നടപടിയെ ന്യായീകരിച്ച് ബിജെപി

അട്ടപ്പാടിയിലെ മാവോയിസ്റ്റുകള്‍ക്കെതിരായ നടപടിയെ ന്യായീകരിച്ച് ബിജെപി രംഗത്തെത്തി. മാവോയിസ്റ്റുകളെ മഹത്വവത്കരിക്കുന്നത് അപകടമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. മാവോയിസ്റ്റുകള്‍ക്കെതിരായ ഏതൊരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്യും. മാവോയിസ്റ്റുകളെ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ മഹത്വവത്കരിച്ചത് എന്തുകൊണ്ടാണെന്നും രമേശ് ചോദിച്ചു. മാവോയിസ്റ്റ് വധത്തില്‍ രമേശ് ചെന്നിത്തലയുടെ അഭിപ്രായമാണോ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്കെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാലക്കാട് മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കാണണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പാലക്കാട് ക്രൈംബ്രാഞ്ച് എസ്പിക്ക് പരാതി നല്‍കും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനാല്‍ ഇടപെടാനാകില്ലെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി വ്യക്തമാക്കിയതോടെയാണിത്. അതേസമയം, റീപോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളായ മണിവാസകം, കാര്‍ത്തിക് എന്നിവരുടെ ബന്ധുക്കളും ചില മാവോയിസ്റ്റ് അനുകൂല സംഘടനാ നേതാക്കളുമാണ് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കാണണമെന്നാവശ്യപ്പെട്ട് തൃശൂര്‍ റേഞ്ച് ഡിഐജിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here