വർക്കല എസ്ആർ മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ

വർക്കല എസ്ആർ മെഡിക്കൽ കോളേജിൽ മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ. മെഡിക്കൽ കൗൺസിൽ റിപ്പോർട്ട് അനുകൂലമാക്കാൻ കോളേജ് മാനേജ്‌മെന്റ് ശ്രമിച്ചുവെന്നും, വ്യാജ രോഗികളെ ഇറക്കി മെഡിക്കൽ കൗൺസിലിനെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോളേജിലെ ക്രമക്കേടുകളെ കുറിച്ച് വിദ്യാർത്ഥികൾ ഉന്നയിച്ച ആരോപണങ്ങൾ ശരിവെയ്ക്കുന്നതാണ് മെഡിക്കൽ കൗൺസിലിന്റെ റിപ്പോർട്ട്.
സർക്കാർ നിർദേശപ്രകാരം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ രൂപീകരിച്ച ബോർഡ് ഓഫ് ഗവർണേഴ്‌സ്, സെപ്റ്റംബർ 18, 19 തീയതികളിലാണ് വർക്കല എസ്ആർമെഡിക്കൽ കോളേജിൽ പരിശോധന നടത്തിയത്. പരിശോധനാ സമയത്ത്, കോളേജിൽ 37 ശതമാനം അദ്ധ്യാപകരുടെയും 80 ശതമാനം രോഗികളുടെയും കുറവ് കണ്ടെത്തിയിട്ടുണ്ട്. റേഡിയോളജി, എക്സ് റേ എന്നിവ സംബന്ധമായ പരിശോധനകളൊന്നും നടക്കുന്നില്ല. മേജർ ഓപ്പറേഷനുകൾക്കുള്ള സൗകര്യമില്ല. ഇങ്ങനെ നിരവധി കുറവുകളാണ് ആശുപത്രിയുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണ റിപ്പോർട്ടിലുള്ളത്.
കൂടാതെ മാനേജ്‌മെന്റിനെതിരെ മറ്റു ഗുരുതരമായ ആരോപണങ്ങളും റിപ്പോർട്ടിലുണ്ട്. വ്യാജരോഗികളെ ഇറക്കി മെഡിക്കൽ കൗൺസിൽ സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. പരിശോധന വൈകിപ്പിക്കാൻ ശ്രമിച്ചെന്നും കോളേജിനനുകൂലമായി റിപ്പോർട്ട് തയ്യാറാക്കാൻ പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പ്രലോഭിപ്പിക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങൾ തികഞ്ഞ ഗൗരവത്തോടെ പരിഗണിക്കണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്.
കോളേജ് മാറ്റം ആവശ്യപ്പെട്ട് വിദ്യാർഥികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേന്ദ്രത്തിന്റെ ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാവും ഹർജിയിന്മേൽ തീരുമാനമുണ്ടാവുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here