മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനായി; ലക്ഷദ്വീപ് എംപി

മഹാ ചുഴലിക്കാറ്റിനെക്കുറിച്ചുള്ള അറിയിപ്പ് മുന്‍കൂട്ടി ലഭിച്ചതിനാല്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞുവെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. ജനങ്ങള്‍ പലരും വീടുകളിലും ക്യാമ്പുകളിലും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പല മേഖലകളിലും ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചുവെന്നും നഷ്ടങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

സ്‌കൂളുകള്‍ക്ക് അവധി കൊടുത്ത് അവ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയിട്ടുണ്ട്. തീരദേശത്ത് താമസിക്കുന്നവരെ മാറ്റി താമസിച്ചു. നിലവില്‍ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ലക്ഷദ്വീപ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഓരോ ദ്വീപിലും സബ് ഡിവിഷണല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലും ലക്ഷദ്വീപിലും വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ വിതച്ചുകൊണ്ടാണ് മഹാ ചുഴലിക്കാറ്റ് കടന്നുപോകുന്നത്. അതേസമയം മഹാ ചുഴലിക്കാറ്റ് കരുത്താര്‍ജിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 166 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, ലക്ഷദ്വീപിലും യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top