ടാക്കിളിൽ ആന്ദ്രേ ഗോമസിനു ഗുരുതര പരുക്ക്; ദൃശ്യം കണ്ട് പൊട്ടിക്കരഞ്ഞ് ടാക്കിൾ ചെയ്ത സോൺ ഹ്യൂങ് മിൻ: ചിത്രങ്ങൾ

എവർട്ടണും ടോട്ടനവും തമ്മിൽ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിനിടെ നടന്നത് ഉള്ളുലക്കുന്ന ദൃശ്യങ്ങൾ. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ റിസൽട്ടിനെക്കാളേറെ ചർച്ച ചെയ്യപ്പെട്ടത് ഒരു ടാക്കിളാണ്. എവർട്ടണിൻ്റെ പോർച്ചുഗീസ് താരം ആന്ദ്രേ ഗോമസും ടോട്ടനത്തിൻ്റെ ദക്ഷിണകൊറിയൻ താരം സോൺ ഹ്യൂങ് മിനുമാണ് ഈ ടാക്കിളിലൂടെ വാർത്തകളിൽ നിറഞ്ഞത്.
79ആം മിനിട്ടിലായിരുന്നു ആ ടാക്കിൾ. ടോട്ടനം ഒരു ഗോളിനു മുന്നിട്ട് നിൽക്കുകയായിരുന്നു. പന്തുമായി കുതിച്ച ഗോമസിനെ സോൺ പിന്നിൽ നിന്ന് ടാക്കിൾ ചെയ്തു. ചുവടുപിഴച്ച ഗോമസ് മുന്നിലൂടെ ഓടിയടുക്കുന്ന മറ്റൊരു ടോട്ടനം താരം സെർജ് ഓറിയറുമായി കൂട്ടിയിടിച്ച് നിലത്തു വീണു. നിലത്തു വീഴുന്നതിനിടെ വലത്തേ കാല്പാദം ടർഫിൽ ശക്തമായി മടങ്ങി അമർന്നു. ഈ വീഴ്ചയിൽ എല്ല് തെന്നിമാറി. ഗോമസ് അലറിക്കരഞ്ഞു കൊണ്ട് നിലത്ത് വീണു. ഓടിയടുത്ത റഫറി ടാക്കിളിൻ്റെ ഗൗരവം ഉൾക്കൊണ്ട് സോണിനു മാർച്ചിംഗ് ഓർഡർ നൽകി.
സഹതാരങ്ങൾ ഗോമസിനരികിലേക്ക് ഓടിയെത്തി. നിലത്ത് കിടക്കുന്ന ഗോമസ് നിർത്താതെ നിലവിളിക്കുമ്പോഴാണ് പരുക്കിൻ്റെ ഗൗരവം എല്ലാവർക്കും മനസ്സിലാവുന്നത്. ഇതിനിടെ എല്ല് തെന്നി മാറിയ ദൃശ്യം കണ്ടതോടെ സോൺ പൊട്ടിക്കരയുകയായിരുന്നു.
കരിയർ പോലും തീർക്കാൻ കഴിയുന്നതാണ് ആങ്കിൾ ഇഞ്ചുറി. അതിനു താൻ കാരണക്കാരനായല്ലോ എന്നോർത്ത് പൊട്ടിക്കരഞ്ഞ സോണിനെ സഹകളിക്കാരും എവർട്ടണിൻ്റെ കളിക്കാരും ചേർന്ന് സമാധാനിപ്പിക്കുകയായിരുന്നു. നിലവിളിക്കുന്ന ഗോമസിനെ സ്ട്രെച്ചറിൽ ഗ്രൗണ്ടിനു പുറത്തേക്ക് കൊണ്ടു പോകുന്നതിനൊപ്പം കണ്ണുനീരൊഴുക്കി സോണും കളം വിട്ടു.

എവർട്ടണിൻ്റെ റിച്ചാലിസണും ടോട്ടണത്തിൻ്റെ സോണും പരിക്ക് കണ്ട ഞെട്ടലിൽ
ഗോമസ് മാസങ്ങളോളം പുറത്തിരിക്കുമെന്നാണ് വിവരം. അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്ന് എവർട്ടൺ ക്ലബ് അധികൃതർ അറിയിച്ചിട്ടുണ്ട്.

പരുക്ക് കണ്ട ഞെട്ടലിൽ എവർട്ടൺ ഫോർവേഡ് ചെങ്ക് ടോസുൻ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here