മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍; ചീഫ് സെക്രട്ടറിയുടെ ലേഖനത്തിനെതിരെ വ്യാപക പ്രതിഷേധം

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന പൊലീസ് നടപടിയെ ന്യായീകരിച്ചുള്ള ചീഫ് സെക്രട്ടറിയുടെ ലേഖനത്തിനെതിരെ വ്യാപക പ്രതിഷേധം. ചീഫ് സെക്രട്ടറിയുടെ ലേഖനം നിയമവിരുദ്ധമാണെന്ന് സിപിഐയും ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാണെന്ന് പ്രതിപക്ഷവും പ്രതികരിച്ചു.
മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍ തന്നെയാണെന്നായിരുന്നു ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനം. അവര്‍ കൊല്ലപ്പെടേണ്ടവര്‍ തന്നെയാണെന്നും ലേഖനത്തിലുണ്ട്. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളെ അട്ടിമറിക്കാനാണ് മാവോയിസ്റ്റുകളുടെ ശ്രമം. അതുകൊണ്ടുതന്നെ സാധാരണ പൗരന്മാര്‍ക്കുള്ള നീതിയും അവകാശവും മാവോയിസ്റ്റുകള്‍ അര്‍ഹിക്കുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ ചീഫ് സെക്രട്ടറി പറയുന്നു.
ചീഫ് സെക്രട്ടറിയുടെ ലേഖനത്തിനെതിരെ ഭരണമുന്നണിയില്‍ നിന്നുതന്നെ പ്രതിഷേധം ഉയര്‍ന്നു. ലേഖനം നിയമവിരുദ്ധമെന്നായിരുന്നു സിപിഐയുടെ പ്രതികരണം. ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാണ് ലേഖനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ലേഖനം നിര്‍ഭാഗ്യകരമെന്ന് യുഡിഎഫ് കൗണ്‍വീനര്‍ ബെന്നി ബെഹന്നാനും കുറ്റപ്പെടുത്തി. എന്നാല്‍ ലേഖനം കണ്ടില്ലെന്നും വായിച്ചശേഷം പ്രതികരിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here