ഫോണിൽ അശ്ലീലം പറഞ്ഞ സംഭവം; നടൻ വിനായകൻ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതായി സൂചന; നടനെതിരെ ചുമത്തിയിരിക്കുന്നത് ഒരു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ

സ്ത്രീത്വത്തെ അപമാനിക്കും വിധം ഫോണിൽ സംസാരിച്ച കേസിൽ പ്രതിയും നടനുമായ വിനായകൻ വിചാരണ തുടങ്ങും മുൻപേതന്നെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതായി സൂചന. അഭിഭാഷകൻ മുഖേനയാണ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നത്. നടനെതിരായ പരാതിയിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. നടൻ തെറ്റ് സമ്മതിച്ചെന്ന് കൽപറ്റ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. കേസിന്റെ വിചാരണ ഡിസംബറിൽ ആരംഭിക്കും.

കഴിഞ്ഞ ഏപ്രിൽ മാസം വയനാട്ടിൽ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാൻ ഫോണിൽ വിളിച്ചപ്പോൾ കേട്ടാലറയ്ക്കുന്ന ഭാഷയിൽ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകൻ തന്നോട് സംസാരിച്ചെന്നാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.യുവതിയുടെ പരാതിയിൽ നടനെതിരെ കേസെടുത്ത പൊലീസ്, അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിച്ചു തുടങ്ങി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് ചുമത്തിയത്. തുടർന്ന് ജൂൺ 20ന് കൽപറ്റ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായ വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് ജാമ്യത്തിൽവിട്ടു.

നാല് മാസത്തോളം നീണ്ട അന്വേഷണം പൂർത്തിയാക്കിയാണ് അന്വേഷണസംഘം കൽപറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.യുവതിയോട് താൻ മോശമായി സംസാരിച്ചതായി നടൻ സമ്മതിച്ചെന്ന് കുറ്റപത്രത്തിലുണ്ട്.ഫോണിലൂടെയുള്ള സംഭാഷണമായതിനാൽ സൈബർ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനുശേഷമാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. അടുത്തമാസം കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് സൂചന. വിനായകനെതിരെ ഒരു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top