കുന്ദമംഗലം ബ്ലോക്കിൽ വൈസ് പ്രസിഡന്റിനെതിരെ പീഡന ശ്രമത്തിന് പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റ്; പൊലീസ് കേസെടുത്തു

കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പരാതിയുമായി പ്രസിഡന്റ്. പരാതിയിന്മേൽ പീഡന ശ്രമത്തിനും എസ്‌സി- എസ്ടി വകുപ്പ് അനുസരിച്ചും പൊലീസ് കേസെടുത്തു.

വൈസ് പ്രസിഡൻറ് ശിവദാസൻ നായർക്കെതിരെയാണ് പ്രസിഡന്റ് വിജി മുപ്രമ്മൽ പരാതി നൽകിയത്.  അപമര്യാദമായി പെരുമാറിയതായും അശ്ലീല ചുവയോടെ സംസാരിച്ചതായും ചൂണ്ടിക്കാട്ടിയാണ് പരാതി.

ശിവദാസൻ നായർ  ജാതി പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് വിജി മുപ്രമ്മൽ പറഞ്ഞു. എൽഡിഎഫിനൊപ്പം ചേർന്ന് വിജിക്കെതിരെ അവിശ്വാസപ്രമേയത്തിൽ ഒപ്പിട്ട വിരോധം തീർക്കാനാണ് അവർ പൊലീസിൽ പരാതി നൽകിയതെന്നാണ് ശിവദാസൻ നായരുടെ വാദം. 19 അംഗങ്ങളുള്ള ബ്ലോക്കിൽ ഭരണത്തിലുള്ള യുഡിഎഫിന് പത്ത് പേരും എൽഡിഎഫിന് ഒമ്പത് പേരുമാണുള്ളത്.

പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

എംപിയായി തെരഞ്ഞെടുക്കപ്പെട്ട രമ്യ ഹരിദാസ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് കോൺഗ്രസിലെ വിജി മുപ്രമ്മൽ സ്ഥാനമേറ്റെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top