പ്രളയ പുനർനിർമ്മാണം: ലോകബാങ്ക് നൽകിയ പണം വകമാറ്റിയെന്ന് പ്രതിപക്ഷാരോപണം; ദൈനംദിന കാര്യങ്ങൾക്ക് ചെലവഴിച്ചിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി; നിഷേധിച്ച് മുഖ്യമന്ത്രി; ബഹളം വച്ച് പ്രതിപക്ഷം

പ്രളയ പുനര്‍നിര്‍മാണത്തിനായി ലോകബാങ്ക് നല്‍കിയ 1780 കോടി രൂപ സര്‍ക്കാര്‍ വകമാറ്റിയതായി പ്രതിപക്ഷാരോപണം. പ്രളയ ദുരിതാശ്വാസത്തിന് ലോകബാങ്ക് നല്‍കിയ പണം ചെലവഴിക്കാന്‍ പദ്ധതി തയാറാക്കി വരുന്നുണ്ടെന്നും അതുവരെ പണം ട്രഷറിയിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

ട്രഷറി ബാലന്‍സ് പരിശോധിച്ചാല്‍ ലോകബാങ്ക് നല്‍കിയ പണം അവിടെയില്ലെന്ന് മനസിലാകുമെന്നും പണം അക്കൗണ്ടിലുണ്ടെന്ന് ധനമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും യുഡിഎഫ് എംഎല്‍എ വി ഡി സതീശന്‍ ആരോപിച്ചു.

ഇതിനു പിന്നാലെയാണ് ലോകബാങ്ക് നല്‍കിയ പണം ദൈനംദിന കാര്യങ്ങള്‍ക്ക് ചെലവഴിച്ചെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. പണം വകമാറ്റി ചെലവഴിച്ചില്ല, ദൈനംദിന കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് ചെയ്തത്. ആവശ്യം വരുമ്പോള്‍ തുക പുനര്‍നിര്‍മാണത്തിന് ഉപയോഗിക്കാമെന്നും ധനകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

പണം വകമാറ്റി ചെലവഴിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു നിയമസഭയില്‍ ധനമന്ത്രിയുടെ ഈ പ്രസ്താവന. ലോകബാങ്ക് നല്‍കിയ പണം ദൈനംദിന കാര്യങ്ങള്‍ക്ക് ചെലവഴിച്ചിട്ടുണ്ടെന്ന തോമസ് ഐസകിന്റെ പ്രസ്താവനയെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More