ഫ്‌ളവേഴ്‌സ് ടിവി ഫെയിം ഗായകൻ തേനി മുത്തുവിന് വീടൊരുങ്ങി; താക്കോൽ ദാനം നാളെ നടക്കും

ഫ്‌ളവേഴ്‌സ് ടിവി ഫെയിം ഗായകൻ തേനി മുത്തുവിന് വീടൊരുങ്ങി. വണ്ടൻമേട് ജനമൈത്രി പൊലീസും ഫാദർ ജോസഫ് തൂങ്കുഴിയും പൊതുജനങ്ങളും സംയുക്തമായി ചേർന്നാണ് വീടൊരുക്കിയത്. വീടിന്റെ താക്കോൽദാന ചടങ്ങ് നാളെ വൈകീട്ട് നാല് മണിക്ക് നടക്കും.

ഫ്‌ളവേഴ്‌സ് ടിവിയുടെ ജനപ്രിയ പ്രോഗ്രാം കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയനായ ഗായകനാണ് കുഞ്ഞുമോൻ എന്ന് വിളിക്കുന്ന തേനി മുത്തു. വണ്ടൻമേട് ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കുമൊപ്പമാണ് തേനി മുത്തു കഴിയുന്നത്. കോമഡി ഉത്സവത്തിന്റെ വേദിയിലെത്തിയ തേനി മുത്തു രണ്ട് ആഗ്രഹങ്ങളായിരുന്നു പങ്കുവച്ചത്. ഒരു വീടും തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിനെ കാണണമെന്ന ആഗ്രഹവും. പരിപാടി ശ്രദ്ധയിൽപ്പെട്ട വണ്ടൻമേട് പൊലീസ്, ജനമൈത്രി പൊലീസിംഗിന്റെ ഭാഗമായുള്ള ഭവന സന്ദർശത്തിനിടെ തേനി മുത്തുവിന്റെ വീട്ടിലുമെത്തി. വീടെന്നു പറയാൻ അവിടെ കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. മുത്തുവിന്റെ അവസ്ഥ പരിതാപകരമെന്ന് ബോധ്യപ്പെട്ട വണ്ടൻമേട് പൊലീസ് അദ്ദേഹത്തിന് വീടൊരുക്കാൻ മുൻകൈയെടുത്ത് രംഗത്തെത്തി.

തേനി മുത്തുവിന് വീടൊരുങ്ങുന്നുവെന്നറിഞ്ഞ് നിരവധിയാളുകൾ സഹായവുമായെത്തി. സാമൂഹ്യ പ്രവർത്തകനായ സാബു കുറ്റിപ്പാലയ്ക്കലും വീട് നിർമാണത്തിന് സഹായമെത്തിച്ചു. സാബു കുറ്റിപ്പാലയ്ക്കലിന്റേയും തേനി മുത്തുവിന്റേയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് തുടങ്ങി അതിലേക്ക് പണം അയക്കാനുള്ള സംവിധാനം ഒരുക്കി. വീട് നിർമാണത്തിനുള്ള വസ്തുക്കൾ ഓരോ ആളുകൾ സ്‌പോൺസർ ചെയ്തു. അണക്കര ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫാദർ ജോസഫ് തൂങ്കുഴിയെ വണ്ടൻമേട് പൊലീസ് പോയി കാണുകയും തേനി മുത്തുവിന് വീടൊരുക്കുന്ന കാര്യം പറയുകയും ചെയ്തു. വീട് നിർമാണത്തിനായി നാല് ലക്ഷം രൂപയാണ് ഫാദർ നൽകിയത്. വീടിന്റെ മേൽക്കൂര വാർക്കുന്നതിന് മുന്നിട്ടിറങ്ങിയത് വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നാട്ടുകാരുമാണ്. ജൂണിൽ ആരംഭിച്ച വീടുപണി അഞ്ച് മാസമെടുത്ത് പൂർത്തീകരിച്ചു.

ഫാദർ ജോസഫ് തൂങ്കുഴിയുടെ മുഖ്യ കാർമികത്വത്തിൽ രാജക്കണ്ടത്ത് വച്ചാണ് താക്കോൽദാന ചടങ്ങ് നടക്കുന്നത്. ഇടുക്കി ജില്ലാ പൊലീസ് മേധാവി നാരായണൻ ടി ഐപിഎസ് തേനി മുത്തുവിന് താക്കോൽ കൈമാറും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More