കായിക മാമാങ്കത്തിന് ഇനി മൂന്നുനാള്‍; പഴുതടച്ച ക്രമീകരണങ്ങളുമായി സംഘാടകര്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് മൂന്നൂനാള്‍ ശേഷിക്കെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയെന്ന് സംഘാടകര്‍. 63-ാം സംസ്ഥാന കായികോത്സവത്തിന് കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് സിന്തറ്റിക് ട്രാക്കാണ് വേദിയാവുന്നത്.

16 മുതല്‍ 19 വരെയാണ് മേള. അത്‌ലറ്റിക് ഫെഡറേഷന്റെ ബി ലെവല്‍ സര്‍ട്ടിഫിക്കറ്റുള്ള സ്റ്റേഡിയമാണ് മാങ്ങാട്ടുപറമ്പിലേത്. ഹാമര്‍, ഡിസ്‌ക്, ജാവലിന്‍ മത്സരങ്ങള്‍ ഒരേ സമയം നടക്കില്ല. ലോംഗ്ജമ്പ് പിറ്റിന് സമീപവും ആവശ്യമായ റണ്ണിംഗ് ഏരിയയുണ്ട്. പവലിയന് സമീപം 100 ബെഡ്ഡുള്ള മെഡിക്കല്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അന്തരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ മാനദണ്ഡ പ്രകാരമുള്ള സൗകര്യങ്ങള്‍ ട്രാക്കില്‍ ഒരുക്കിയിട്ടുണ്ടെന്ന് കണ്ണൂര്‍ സര്‍വകലാശാല കായിക വിഭാഗം മേധാവിയും മേളയുടെ സംഘാടകസമിതി വൈസ് ചെയര്‍മാനുമായ പ്രൊഫ. പിടി ജോസഫ് പറഞ്ഞു. കായികാധ്യാപകരുടെ സമരം മേളയുടെ നടത്തിപ്പിനെ ബാധിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌പോര്‍ട്‌സ് ജോയിന്റ് ഡയറക്ടര്‍ ഡോ ചാക്കോ ജോസഫ് വിശദീകരിച്ചു.

കണ്ണൂര്‍ ജില്ലക്കാരിയായ ഒളിമ്പിക്‌സ് താരം ടിന്റു ലൂക്ക മേളയുടെ ദീപശിഖ തെളിയിക്കും. 16-ന് രാവിലെ ഏഴുമണിക്ക് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കും. സീനിയര്‍ ബോയ്‌സ് 3000 മീറ്റര്‍ ഓട്ടമത്സരമാണ് മീറ്റിലെ ആദ്യ ഇനം.

കാണികള്‍ക്കായി പ്രത്യേകം ഗ്യാലറിയും സജ്ജീകരിച്ചിട്ടുണ്ട്. 1500 പേര്‍ക്ക് മത്സരങ്ങള്‍ വീക്ഷിക്കാന്‍ സാധിക്കുന്ന രീതിയിലാണ് താത്കാലിക ഗ്യാലറി ഒരുക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More