Advertisement

പന്ത്രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടം: ശബരിമല വിധി, നാള്‍വഴികള്‍

November 14, 2019
Google News 1 minute Read

നീണ്ട പന്ത്രണ്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 2018 സെപ്റ്റംബര്‍ 28 നാണ് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച ചരിത്രവിധി സുപ്രിംകോടതി പ്രസ്താവിച്ചത്. ഇതോടെ സമാനതകളില്ലാത്ത സംഭവ വികാസങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. 56 പുനഃപരിശോധനാ ഹര്‍ജികളും ഒമ്പത് റിട്ടുകളും അടക്കം 65 ഹര്‍ജികളാണ് വിധിയെ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ശബരിമല നിയമയുദ്ധത്തിന്റെ നാള്‍വഴികളിലേക്ക്.

1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന് ബി വകുപ്പ് പ്രകാരമാണ് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ നിയന്ത്രണം 1991 ല്‍ കേരള ഹൈക്കോടതി ശരിവച്ചു. എന്നാല്‍ ഇതിനെതിരെ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ 2006 ല്‍ സുപ്രിംകോടതി സമീപിച്ചതോടെ ശബരിമലയിലെ യുവതി പ്രവേശനം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. അന്നത്തെ ചീഫ് ജസ്റ്റീസ് വൈ കെ സബര്‍വാള്‍, ജസ്റ്റീസ് എസ് എച്ച് കബാഡിയ,ജസ്റ്റീസ് സി കെ ടക്കര്‍ എന്നിവരുടെ ബഞ്ചാണ് ഹര്‍ജി പരിണഗണിച്ചത്. ഇതിനിടെ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാടു മാറ്റങ്ങള്‍ വിഷയത്തില്‍ കേരളം ഏതുവിധം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയായി.

2007 നവംബര്‍ 13 – യുവതിപ്രവേശനം ആകാമെന്ന് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം.

2016 ജനുവരി 11 പുതിയ സത്യവാങ്മൂലം നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുമതി ചോദിച്ചു. ആചാരങ്ങളില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യം.

2016 നവംബര്‍ 07- പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്‍ സത്യവാങ്മൂലം പിന്‍വലിക്കാന്‍ അനുമതി തേടി

2017 ഒക്ടോബര്‍ 13 – ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രിംകോടതി ഉത്തരവ്

2018 ജൂലൈ 17 ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ചില്‍ വാദം തുടങ്ങി

2018 സെപ്റ്റംബര്‍ 28 – പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിംകോടതിയുടെ ചരിത്രവിധി.

2018 ഒക്ടോബര്‍ 03 – പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും

2018 ഒക്ടോബര്‍ 08- എന്‍എസ്എസും ദേശീയ അയ്യപ്പഭക്ത സമിതിയും പുനഃപരിശോധനാ ഹര്‍ജി നല്‍കി.

2018 ഒക്ടോബര്‍ 23 – 56 പുനപരിശോധനാ ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കാമെന്ന് സുപ്രിംകോടതി.

2018 നവംബര്‍ 13 – പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ ഉത്തരവ്

2019 ഫെബ്രുവരി ആറ് – പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here