ശബരിമല: സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു: വി മുരളീധരന്‍

ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ വിശാലബെഞ്ചിലേക്ക് വിട്ടതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. വിശ്വാസികളുടെ വിജയമാണിത്. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരങ്ങളുണ്ട്. സ്റ്റേ ഒരു സാങ്കേതിക പ്രശ്‌നം മാത്രമാണ്. എന്നാല്‍, വിധിയുടെ അന്തഃസത്ത സംസ്ഥാന സര്‍ക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏഴംഗ ബെഞ്ചിന്റെ വിധി വരും വരെ ശബരിമലയിലെ ആചാരം നിലനിര്‍ത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. വിധി നടപ്പിലാക്കുന്നു എന്ന് പറഞ്ഞ് അരാജക വാദികളെ കയറ്റി വിശ്വാസത്തെ അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. പുനഃപരിശോധനാ വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അത്തരം നീക്കങ്ങളില്‍ നിന്ന് പിന്തിരിയണം.
ശബരിമലയിലെ ആചാരം തടയാന്‍ ശ്രമിക്കുന്നവരെ ഭക്തര്‍ പ്രതിരോധിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല.സര്‍ക്കാരിന് അരാജകവാദികളെ കൊണ്ടുവരാം എന്ന് വിധിയില്‍ പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here