ഗോതബായ രാജപക്സെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകും

ഗോതബായ രാജപക്സെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകും. വോട്ടെണ്ണൽ തുടരുമ്പോൾ ഗോതബായ എതിർ സ്ഥാനാർത്ഥി സജിത്ത് പ്രേമദാസയ്ക്കെതിരെ വ്യക്തമായ ലീഡ് നേടി. ഗോതബായയ്ക്ക് 48.2 ശതമാനം വോട്ട് ലഭിച്ചപ്പോൾ സജിത്തിന് 45.3 ശതമാനം വോട്ടാണ് ലഭിച്ചത്. ജനവിധി അംഗീകരിക്കുന്നുവെന്നും ശ്രീലങ്കയുടെ ഏഴാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗോതബായ രാജപക്സെയെ അഭിനന്ദിക്കുന്നുവെന്നും സജിത്ത് പ്രേമദാസ പ്രസ്താവനയിൽ പറഞ്ഞു.
ശ്രീലങ്കയിൽ വോട്ടെടുപ്പിന് മുമ്പ് രാഷ്ട്രീയ വിദഗ്ധർ നടത്തിയ പ്രവചനങ്ങളെ നീതീകരിക്കുന്ന സൂചനകളാണ് വോട്ടെണ്ണലിൽ പ്രകടമായത്. നാലിലൊന്ന് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ശ്രീലങ്കൻ പീപ്പിൾസ് ഫ്രണ്ട് പാർട്ടിയുടെ ഗോതബായ രാജപക്‌സെയ്ക്ക് 48.2 ശതമാനം വോട്ട് ലഭിച്ചു. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി യുണൈറ്റഡ് നാഷണൽ പാർട്ടിയിലെ സജിത് പ്രേമദാസയ്ക്ക് 45.3 ശതമാനം വോട്ടാണ് ലഭിച്ചിരിക്കുന്നത്. ദക്ഷിണ ശ്രീലങ്കയിലെ സിംഹള ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ശ്രീലങ്കൻ പീപ്പിൾസ് ഫ്രണ്ട് പാർട്ടിയുടെ ഗോതബായ രാജപക്‌സെ വൻമുന്നേറ്റം നടത്തിയത്. പോസ്റ്റൽ ബാലറ്റുകളിലും ഗോതബായ വ്യക്തമായ മുൻതൂക്കം നേടി. ഒമ്പത് ജില്ലകളിലെ പോസ്റ്റൽ വോട്ടുകളിൽ ഗോതബായ മുന്നിലെത്തിയപ്പോൾ സജിത് പ്രേമദാസ മൂന്ന് ജില്ലകളിലെ പോസ്റ്റൽ വോട്ടുകളിൽ മാത്രമാണ് നേരിയ മുൻതൂക്കം നേടിയത്.
ജനവിധി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ സജിത് പ്രേമദാസ, ഗോതബായ രാജപക്‌സെയെ അഭിനന്ദിച്ചു. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 80 ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. വോട്ടെടുപ്പിനിടെ മുസ്ലിം വിഭാഗത്തിൽപ്പെട്ട വോട്ടർമാർ സഞ്ചരിച്ച വാഹനത്തിനു നേരെ വെടിവയ്പ് ഉൾപ്പെടെയുള്ള അക്രമസംഭവങ്ങൾ പലയിടത്തുനിന്നും റിപ്പോർട്ട് ചെയ്തിരുന്നു. മധ്യലങ്കയിലെ അനുരാധപുര ജില്ലയിലാണ് പോളിംഗ്ബൂത്തിലേക്കു പോയ വോട്ടർമാർ സഞ്ചരിച്ച ബസിനുനേരെ അജ്ഞാതൻ നിറയൊഴിച്ചത്. ആർക്കും പരുക്കേറ്റില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here