Advertisement

പി മോഹനന്‍ ഹിന്ദുത്വ ശക്തികള്‍ക്ക് വഴിമരുന്നിട്ട് കൊടുക്കുന്നു: എസ്‌ഡിപിഐ

November 19, 2019
Google News 1 minute Read

പിന്നാക്ക-ന്യൂനപക്ഷ സംഘടിത മുന്നേറ്റങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഹിന്ദുത്വ ശക്തികള്‍ക്ക് വഴിമരുന്നിട്ട് കൊടുക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. പി മോഹനന്റെ പ്രസ്താവനയെ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സ്വാഗതം ചെയ്തത് ഇതിന്റെ അടിയന്തര ഫലമാണ്. ഇത് സിപിഐഎം നിലപാടാണോ എന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ എസ്ഡിപിഐ നിലപാട് വ്യക്തമാക്കിയത്.

പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങളില്‍ നിന്ന് തലയൂരുക, പാര്‍ട്ടിയിലെ ഹിന്ദു വര്‍ഗീയ വാദികളെ തൃപ്തിപ്പെടുത്തുക തുടങ്ങിയ ഇരട്ട ലക്ഷ്യമാണ് സിപിഐഎം നേതാവിന്റെ പ്രസ്താവനക്കു പിന്നില്‍. പാര്‍ട്ടി അണികള്‍ മാവോയിസത്തിലേക്ക് കൂടുമാറുന്നതിന്റെയും യുഎപിഎ യോടുള്ള വൈരുധ്യാത്മക നിലപാടിന്റെയും പ്രതിസന്ധിയില്‍ നിന്ന് ഒളിച്ചോടാനാണ് പി മോഹനന്‍ ശ്രമിക്കുന്നത്. അത് വിലപ്പോകില്ല. യഥാര്‍ത്ഥ പ്രശ്നങ്ങളെ സംബോധന ചെയ്യുന്നതിന് പകരം വഴിയെ പോകുന്നവരെ തെറി വിളിച്ച് രക്ഷപ്പെടുന്നത് അന്തസ്സുള്ളവര്‍ക്ക് നിരക്കുന്നതല്ല.

പി മോഹനനില്‍ നിന്ന് നിരന്തരം പ്രകടമാകുന്ന വര്‍ഗീയ മനസ്സ് സിപിഐഎമ്മിന്റെ മതനിരപേക്ഷ വാദത്തിന് വിരുദ്ധമാണ്. വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലും കൗമാരക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിലും വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിയാത്ത സിപിഐഎം അപരന്റെ മേല്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് വര്‍ഗവഞ്ചനയാണ്. സിപിഐഎം കുടുംബത്തിലും പാര്‍ട്ടി നേതൃത്വത്തിലും ഉള്ളവര്‍ മാവോയിസ്റ്റ് ആയിട്ടുണ്ടെങ്കില്‍ അതിന് മറുപടി പറയേണ്ടത് സിപിഐഎമ്മാണ്. കോഴിക്കോട് പാര്‍ട്ടി ഘടകത്തില്‍ നിന്നു പോയതിന്റെ ഉത്തരവാദിത്വം ജില്ലാ സെക്രട്ടറിയായ പി മോഹനനാണ്.

അടിസ്ഥാന കമ്യൂണിസ്റ്റ് ആശയത്തില്‍ നിന്നു സിപിഐഎം വ്യതിചലിച്ചതിനാലാണ് അണികള്‍ മറ്റുവഴികള്‍ തേടുന്നത്. അത് തിരുത്തേണ്ടത് സിപിഐഎം തന്നെയാണ്. സിപിഐമ്മില്‍ നിന്നാണ് കേരളത്തില്‍ നക്‌സലൈറ്റുകളും മാവോയിസ്റ്റുകളും ഉണ്ടാകുന്നതെന്നതാണ് മോഹനന്‍ മറച്ചുവെക്കുന്നത്. സംഘപരിവാര്‍ വിരോധം ഒരു വശത്തു പറയുന്നവര്‍, അവരുടെ ഏറ്റവും വലിയ ആയുധമായ മുസ്ലിം വിരുദ്ധത തന്നെ സങ്കുചിത കക്ഷി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരം. സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനേ ഇതുപകരിക്കൂ എന്നതില്‍ സംശയമില്ലെന്നും അബ്ദുല്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here