പിങ്ക് ബോൾ ടെസ്റ്റ്; ചരിത്രവും വർത്തമാനവും

നാളെ കൊൽക്കത്ത ഈഡൻ ഗാർഡൻസ് ഒരു ചരിത്ര മുഹൂർത്തത്തിനു സാക്ഷിയാവുകയാണ്. ഇന്ത്യയുടെ ആദ്യ ഡേനൈറ്റ് ടെസ്റ്റിനാണ് ഈഡൻ ഗാർഡൻസ് സാക്ഷ്യം വഹിക്കുക. ഇന്ത്യക്കൊപ്പം ബംഗ്ലാദേശിൻ്റെയും ആദ്യ പിങ്ക് ബോൾ അങ്കമാണിത്. ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഈ മത്സരം എങ്ങനെയും ജയിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാവും ഇരു ടീമുകളും കളത്തിലിറങ്ങുക.
ആളും ആരവവും ഒഴിഞ്ഞ ടെസ്റ്റ് ഗ്യാലറിയിലേക്ക് കാണികളെ എത്തിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് പിങ്ക് ബോൾ ടെസ്റ്റിനു തുടക്കമിടുന്നത്. ആകെ 12 ഡേനൈറ്റ് മത്സരങ്ങൾ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. ഓസ്ട്രേലിയയിലെ അഡലൈഡ് ഓവലിൽ 2015 നവംബർ 27 മുതൽ ഡിസംബർ ഒന്നു വരെ നീണ്ട ടെസ്റ്റാണ് ഡേനൈറ്റ് ടെസ്റ്റ് മത്സരങ്ങളിൽ ആദ്യത്തേത്. ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിൽ നടന്ന മത്സരത്തിൽ ആതിഥേയർ മൂന്നു വിക്കറ്റിന് ജയിച്ചു.
തുടർന്ന് പാകിസ്താൻ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സിംബാബ്‌വെ തുടങ്ങിയ ടീമുകൾ പകലും രാത്രിയുമായി പിങ്ക് ബോളിൽ പോരടിച്ചു. മാറി നിന്നവരായിരുന്നു ഇന്ത്യയും ബംഗ്ലാദേശും. അവരും നാളെ ചരിത്രത്തിൻ്റെ ഭാഗമാവാൻ ഒരുങ്ങുകയാണ്.
ഓസ്ട്രേലിയയാണ് ഏറ്റവുമധികം ഡേനൈറ്റ് ടെസ്റ്റ് കളിച്ചത്, അഞ്ചെണ്ണം. അഞ്ചിലും കങ്കാരുക്കൾ തന്നെ വിജയിച്ചു. പുരുഷ ടീമുകൾ കളിച്ച എല്ലാ ഡേനൈറ്റ് ടെസ്റ്റുകളും ഫലം കണ്ടിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു കൗതുകം. ആകെ നടന്ന 11 മത്സരങ്ങളിൽ ഒന്നു പോലും സമനിലയായില്ല. അതേസമയം, വനിതകൾ കളിച്ച ഒരേയൊരു പിങ്ക് ബോൾ ടെസ്റ്റ് സമനിലയാവുകയും ചെയ്തു. ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ 2017 നവംബർ 9ന് നോർത്ത് സിഡ്നി ഓവലിൽ നടന്ന ആഷസ് മത്സരമായിരുന്നു വനിതകളുടെ ഒരേയൊരു പിങ്ക് ബോൾ ടെസ്റ്റ്.