കവളപ്പാറയിലെ ദുരിത ബാധിതരെ സര്‍ക്കാര്‍ അവഗണിക്കുന്നു; ലോംഗ് മാര്‍ച്ചുമായി മുസ്‌ലിം ലീഗ്

കവളപ്പാറയിലെ ദുരിത ബാധിതരെ സര്‍ക്കാര്‍ അവഗണിക്കുന്നെവെന്നാരോപിച്ച് മുസ്ലിം ലീഗ് നടത്തുന്ന ലോംഗ് മാര്‍ച്ചിന് തുടക്കമായി. സര്‍ക്കാരിന്റെ വീഴ്ചക്കെതിരെ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. 28 ന് മലപ്പുറം കളക്ടറേറ്റ് പടിക്കലെത്തുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
മുഴുവന്‍ ദുരിത ബാധിതര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം നല്‍കുന്നതിലെ വീഴ്ചയ്ക്ക് പരിഹാരം കാണുക, നഷ്ടപരിഹാര വിതരണത്തിലെ അപാകതയും വിവേചനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലോംഗ് മാര്‍ച്ച്. പാതാര്‍, കവളപ്പാറ എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച രണ്ട് മാര്‍ച്ചുകള്‍ പോത്തുകല്ല് ബസ് സ്റ്റാന്‍ഡില്‍ സംഗമിച്ചു. ദുരന്തനിവാരണത്തില്‍ ഇത്രയേറെ പരാജയപ്പെട്ട സര്‍ക്കാര്‍ കേരളത്തില്‍ മുന്‍പുണ്ടായിട്ടില്ലെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
അഞ്ച് ദിനങ്ങളിലായി നടത്തുന്ന മാര്‍ച്ച് കടന്നുപോകുന്ന മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ വ്യത്യസ്ത ദിനങ്ങളില്‍ മാര്‍ച്ചില്‍ അണിനിരക്കും. സമാപന ദിവസം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് നടക്കുന്ന മാര്‍ച്ചില്‍ അണിനിരക്കും. തെരുവു നാടകമുള്‍പ്പടെ സര്‍ക്കാരിനെതിരെ വ്യത്യസ്ത പ്രതിഷേധങ്ങളും മാര്‍ച്ചിലുടനീളം സംഘടിപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here