എച്ച്എൻഎൽ ഫാക്ടറി സംസ്ഥാന സർക്കാരിന് കൈമാറാൻ ഉത്തരവ്

കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാരിന് കൈമാറാൻ ദേശിയ കമ്പനി നിയമ ട്രൈബ്യുണലിന്റെ ഉത്തരവ്. ഇരുപത്തിയഞ്ച് കോടി കൈമാറി മൂന്ന് മാസത്തിനകം സർക്കാരിന് കമ്പനി ഏറ്റെടുക്കാം. കൂടുതൽ തുക വേണമെന്ന കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ എതിർപ്പ് തള്ളിയാണ് ട്രൈബ്യുണലിന്റെ വിധി.
സ്വകാര്യവത്കരിക്കാൻ ഒരുങ്ങിയ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ധാരണയിലെത്തിയിരുന്നു. ഇരുപത്തിയഞ്ച് കോടിക്ക് മുഴുവൻ ഓഹരികളും കൈമാറാനാണ് മാതൃ കമ്പനിയായ എച്ച്പിസി ലിക്വിഡേറ്ററുമായി സർക്കാർ പ്രതിനിധി നടത്തിയ ചർച്ചയിൽ തീരുമാനമായത്. എന്നാൽ കൂടുതൽ തുക ആവശ്യപ്പെട്ട് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം ദേശീയ കമ്പനി നിയമ ട്രൈബ്യുണലിനെ സമീപിക്കുകയായിരുന്നു.
അന്തിമ വാദം പൂർത്തിയായതോടെയാണ് സംസ്ഥാന സർക്കാരിന് അനുകൂലമായി വിധിയുണ്ടായത്. ഇരുപത്തിയഞ്ച് കോടിക്ക് കമ്പനി ഏറ്റെടുക്കാമെന്ന സംസ്ഥാന സർക്കാർ നിർദേശം ട്രിബ്യൂണൽ ശരിവച്ചു. കൂടുതൽ തുക നൽകാൻ സ്വകാര്യ കമ്പനികളടക്കം രംഗത്തുണ്ടെന്ന് ഘനവ്യവസായ മന്ത്രാലയം വാദിച്ചു. എന്നാൽ ഫാക്ടറി സ്ഥിതി ചെയ്യുന്ന എഴുന്നൂറ് ഏക്കർ ഭൂമി സ്ഥാപനം പ്രവർത്തനം നിർത്തുമ്പോൾ സംസഥാന സർക്കാരിന് കൈമാറണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ പ്രതിരോധിച്ചത്. ഇതോടെയാണ് ട്രിബ്യൂണലിന്റെ വിധി.
കമ്പനിക്ക് വായ്പ ലഭ്യമാക്കിയ ബാങ്കുകളുടെ യോഗം മുമ്പ് വിളിച്ചു ചേർത്തിരുന്നു. ബാധ്യതയായ 420 കോടി സർക്കാർ ഏറ്റെടുക്കാൻ ധാരണയിലെത്തി. മൂന്ന് മാസത്തിനകം 25 കോടി കൈമാറി സർക്കാരിന് കമ്പനി പൂർണമായും ഏറ്റെടുക്കാം. ഒരു വർഷമായി ന്യൂസ് പ്രിന്റ് നിർമാണം നിർത്തിവച്ചതിനാൽ തൊഴിലാളികൾക്ക് ശമ്പളം മുടങ്ങിയിരുന്നു. സംസ്ഥാന സർക്കാർ കമ്പനി ഏറ്റെടുക്കുന്നത് ആയിരത്തിയഞ്ഞൂറിലധികം തൊഴിലാളികൾക്കാണ് ആശ്വാസമാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here