കാസർഗോഡ്; കോട്ടകളുടെ നാട്

കോട്ടകളുടെ നാടാണ് കാസർഗോഡ്. സംസ്ഥാന സ്‌കൂൾ കലോത്സവം പൊടിപൊടിക്കുമ്പോൾ കാണാനെത്തുന്നവർ കാസർഗോഡിന്റെ കോട്ടപ്പെരുമകൾ കൂടി ആസ്വദിക്കാനും സമയം കണ്ടെത്തുന്നുണ്ട്.

ബേക്കൽ കോട്ടയാണ് കാസർഗോട്ടെ ഏറ്റവും പ്രധാനപ്പെട്ട കോട്ട. കാഞ്ഞങ്ങാട് നിന്ന് 12 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ ചരിത്രം പേറുന്ന ഈ കോട്ടയിലെത്താം. കേന്ദ്ര പുരാവസ്തു വകുപ്പിന് കീഴിലുള്ള ഈ കോട്ട പള്ളിക്കര പഞ്ചായത്തിൽ അറബിക്കടലിന്റെ പശ്ചാത്തലത്തിലാണ് നിലകൊള്ളുന്നത്. 35 ഏക്കർ വിസ്തൃതിയിലുള്ള കോട്ട സമുദ്രനിരപ്പിൽ നിന്ന് 130 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

17ആം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ചന്ദ്രഗിരിക്കോട്ടയാണ് മറ്റൊരു പ്രധാനപ്പെട്ട കോട്ട. രണ്ട് ചെറു ഗുഹകളടക്കം മൂന്ന് വഴികളിലൂടെ കോട്ടയിലേക്ക് പ്രവേശിക്കാം. ഒൻപത് ഏക്കർ പരന്നു കിടക്കുന്ന ഈ കോട്ട കാസർഗോഡ് നഗരത്തിൽ നിന്നും മൂന്നര കിലോമീറ്റർ മാറിയാണ്. കോട്ടമതിലിൽ പീരങ്കിക്കുഴലുകൾ കടത്താൻ പാകത്തിനുള്ള ദ്വാരങ്ങൾ ചരിത്ര ശേഷിപ്പായി നിലകൊള്ളുകയാണ്.

കാസർഗോഡ്-മംഗലാപുരം ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന ആരിക്കാടി കോട്ടയും ജില്ലയിലെ പ്രധാനപ്പെട്ട ഒരു കോട്ടയാണ്. കുമ്പളക്കടുത്ത് സ്ഥിതി ചെയ്യുന്ന ആരിക്കാടി കോട്ടയ്ക്ക് ഇരുപത് ഏക്കർ വിസ്തൃതിയുണ്ട്. ടിപ്പു സുൽത്താന്റെ കാലത്താണ് ഈ ചരിത്ര സ്മാരകം നിർമ്മിക്കപ്പെട്ടത്.

ഹോസ്ദുർഗ് കോട്ട അഥവാ പുതിയ കോട്ടയും മറ്റൊരു വിശേഷപ്പെട്ട നിർമ്മിതിയാണ്. ബേക്കൽ കോട്ട പോലെ ചെങ്കല്ലിനാൽ നിർമ്മിച്ച കൂറ്റൻ ചുറ്റുമതിലാണ് ഈ കോട്ടക്കുള്ളത്. 26 ഏക്കറാണ് കോട്ടയുടെ വിസ്തൃതി.

ടിപ്പുവിന്റെ പടയോട്ടകാലത്ത് ഇടത്താവളമായി നിർമ്മിച്ചു എന്ന് കരുതപ്പെടുന്ന പൊവ്വൽ കോട്ടയും കാസർഗോഡിന്റെ കോട്ട പെരുമയിൽ പെടും. കാസർഗോഡ്-ജാൽസൂർ അന്തർസംസ്ഥാന പാതയിൽ മൂളിയാർ പഞ്ചായത്തിലെ പൊവ്വലിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്.

ഇനിയും ഇവിടെ കോട്ടകളും അവശിഷ്ടങ്ങളുമുണ്ട്. കാസറഗോഡ്, ചിത്താരി, പനയാൽ, ബന്തടുക്ക, മഞ്ചേശ്വരം, നീലേശ്വരം, മട്ട്‌ലായി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കോട്ടകളുണ്ടായിരുന്നു. എന്നാൽ, അവയൊക്കെ കാലം മായ്ച്ചു. കാസർഗോഡ് മനസ്സു നിറഞ്ഞ് സ്വാഗതം ചെയ്യുകയാണ്. കണ്ട് കറങ്ങി മനസ്സു നിറഞ്ഞ് തിരികെയെത്താം

Story highlights- Bekal fort, kalolsavam 2019, kasaragod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top