ഹോങ്കോങ് വിഷയത്തിൽ യുഎൻ മനുഷ്യാവകാശ തലവനെതിരെ ചൈന

ഹോങ്കോങ് വിഷയത്തിൽ യുഎൻ മനുഷ്യാവകാശ തലവനെതിരെ ചൈന. ഹോങ്കോങ് പൊലീസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ച്‌ലേറ്റിന്റെ നിലപാട് പ്രശ്‌നം കൂടുതൽ വഷളാക്കുമെന്നാണ് ചൈനയുടെ ആരോപണം. ഹോങ്കോങ് പത്രമായ സൗത്ത് ചൈനാ മോർണിങ്ങ് പോസ്റ്റിൽ എഴുതിയ ലേഖനത്തിലാണ് ബാച്ച്‌ലേറ്റ് തന്റെ നിലപാട് വ്യക്തമാക്കിയത്.

അനുദിനം ശക്തിയാർജിക്കുന്ന ഹോങ്കോങ് പ്രതിഷേധ സമരത്തിന് അനുകൂലമായ നിലപാടാണ് യുഎൻ മനുഷ്യാവകാശ കമ്മീഷണറുടെതെന്നാണ് ചൈനയുടെ ആരോപണം. ഹോങ്കോങിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും പൊലീസ് നടപടികളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി യുഎൻ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ച്‌ലേറ്റ് രംഗത്ത് വന്നതാണ് ചൈനയെ ചൊടിപ്പിച്ചത്. ഹോങ്കോങ് പത്രമായ സൗത്ത് ചൈനാ മോർണിംഗ് പോസ്റ്റിലെഴുതിയ ലേഖനത്തിലൂടെയാണ് മിഷേൽ ബാച്ച്‌ലേറ്റ് തൻറെ നിലപാട് വ്യക്തമാക്കിയത്. ഹോങ്കോങ് വിഷയത്തിൽ ചീഫ് എക്‌സിക്യൂട്ടീവ് ക്യാരിലാം അർത്ഥവത്തായ രീതിയിൽ ഇടപെടണമെന്നും നിഷ്പക്ഷവും സ്വതന്ത്രവുമായ രീതയിൽ പ്രതിഷേധക്കാരോട് പൊലീസ് പെരുമാറണമെന്നും ബാച്ച്‌ലേറ്റ് ലേഖനത്തിൽ പറയുന്നു.

അതേസമയം, മനുഷ്യാവകാശ കമ്മീഷണർ ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയാണെന്നും ഹോങ്കോങ് സർക്കാരിനെ ഇത് കൂടുതൽ സമ്മർദത്തിലാക്കുമെന്നും ചൈനയുടെ ഔദ്യോഗിക വൃത്തങ്ങൾ ആരോപിച്ചു. മാസങ്ങളായി തുടരുന്ന ജനാധിപത്യ പ്രക്ഷോഭം ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സംഘടനയടക്കമുള്ള വിവിധ സംഘടനകൾ നിലപാടുകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top