കൽപ്പേനി ബ്രേയ്ക്ക് വാട്ടർ അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധം ശക്തമാകുന്നു

ലക്ഷദ്വീപിലെ ഓക്കി ചുഴലിക്കാറ്റിൽ തകർന്ന കൽപ്പേനി ബ്രേയ്ക്ക് വാട്ടർ അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധം. ഒരു കോടിയോളം രൂപ വരുന്ന ക്രൈൻ 8 മാസം മുൻപ് മംഗലാപുരം പോർട്ടിൽ വാങ്ങിയതല്ലാതെ ഇതുവരെ കൽപ്പേനിയിലേക്ക് എത്തിക്കുവാനോ മറ്റ് നടപടികൾ സ്വീകരിക്കുവാനോ ബന്ധപ്പെട്ടവർ തയ്യാറായില്ലന്ന് നാട്ടുകാർ ആരോപിക്കുന്നു.

2017 നവംബർ 29ന് ആഞ്ഞടിച്ച ഓക്കി ചുഴലിക്കാറ്റിൽ തകർന്ന് പോയ ലക്ഷദ്വീപ് കൽപ്പേനി ബ്രേയ്ക്ക് വാട്ടർ തകർന്നിട്ട് രണ്ട് വർഷം പിന്നിടുന്നു. എന്നാൽ, ഇതുവരെ ഒരു അറ്റകുറ്റ പണി പോലും നടത്താത്തതിൽ പ്രതിഷേധിച്ചാണ് എൻസിപിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഇടപെടലിനെ തുടർന്ന് 36 കോടി ഹാർബറിന് അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഒരു കോടിയോളം വരുന്ന ക്രൈയ്ൻ 8 മാസം മുമ്പ് മംഗലാപുരം പോർട്ടിൽ വാങ്ങി വെച്ചിരുന്നു. എന്നാൽ, തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല.

സമാന ആവശ്യം ഉന്നയിച്ച് കഴിഞ്ഞ മാസം എൻസിപി പ്രവർത്തകർ സൂചന സമരം നടത്തിയിരുന്നു. രണ്ട് ദിവസത്തിന് ഉള്ളിൽ വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിച്ചില്ലങ്കിൽ ചെവ്വാഴ്ച്ച മുതൽ എൻസിപി പ്രവർത്തകർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. രാഷ്ട്രീയത്തിന് അപ്പുറത്ത് സമരത്തിൽ സ്ത്രീകളും, കുട്ടികളും, യുവാക്കളും ഉൾപ്പടെയുള്ളവരുടെ പങ്കാളിത്വമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top