ഹോക്കി കളിക്കളത്തിൽ നിറഞ്ഞു നിന്ന ഷിഫാസ് സുമനസ്സുകളുടെ സഹായം തേടുന്നു

ഹോക്കി കളിക്കളത്തിൽ നിറഞ്ഞു നിന്ന ഷിഫാസ് എന്ന ചെറുപ്പക്കാരന്റെ ജീവിതം മാറിമറിയുന്നത് ഒറ്റ ദിവസം കൊണ്ടാണ്. ആക്‌സിഡന്റിൽ പെട്ട് നെഞ്ചിന് താഴേക്ക് ചലനശേഷി നഷ്ട്ടപ്പെട്ട ഷിഹാസ് ഇപ്പോൾ ചികിത്സക്കായി കനിവുള്ള മനുഷ്യരുടെ സഹായം തേടുകയാണ്.

ഇതാണ് ഷിഫാസ്. ഈ കട്ടിലിലാവുന്നതിന് മുൻപ് ഹോക്കി കളിക്കളത്തിൽ നിറഞ്ഞു കളിച്ച താരം. കേരള സംസ്ഥാന ടീമിലുൾപ്പടെ ഇടം പിടിച്ച ഷിഫാസിന്റെ ജീവിതം മാറിമറിയുന്നത് കഴിഞ്ഞ മെയ് 20നാണ്. കളി കഴിഞ്ഞ് മടങ്ങി വരും വഴി ഷിഫാസും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഷിഫാസിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായി. കാലിന്റെ മുട്ടിന് താഴേക്കും വാരിയെല്ലിനും നെഞ്ചെല്ലിനും തോളെല്ലിനും പൊട്ടലേറ്റു. ഇപ്പോൾ നെഞ്ചിന് താഴേക്ക് ചലനശേഷി നശിച്ച ഷിഫാസ് കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ആകെയുള്ള വീട് ജപ്തിയായതിനാൽ ആശുപത്രി മുറി വിട്ട് പോകാൻ വേറെ ഇടമില്ല. അതു കൊണ്ട് ഷിഫാസും ഉമ്മയും കഴിഞ്ഞ 4 മാസമായി ജില്ലാ ആശുപത്രിയിലെ ഈ മുറിയിൽ തന്നെയാണ്. ഷിഫാസിന് താൽക്കാലികാടിസ്ഥാനത്തിൽ ജോലി കിട്ടിയതിന് തൊട്ടുപിന്നാലെയുണ്ടായ അപകടത്തോടെ ഈ കുടുംബം വഴിമുട്ടി. രണ്ട് ശസ്ത്രക്രിയ ഉൾപ്പെട ഇതുവരെയുള്ള ചികിത്സയെല്ലാം ഷിഫാസിന്റെ കോച്ചും കൂടെ കളിച്ചവരും ചേർന്നാണ് നടത്തിയത്. പിതാവ് തിരിഞ്ഞു നോക്കാറില്ല, ഷിഫാസിനെ പരിചരിക്കാൻ മറ്റാരുമില്ലാത്തതിനാൽ കൂലിപ്പണിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഈ ഉമ്മ.

വെല്ലൂർ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ശസ്ത്രക്രിയ നടത്തിയാൽ ആരോഗ്യസ്ഥിതിയിൽ മെച്ചമുണ്ടാകും എന്നാണ് പ്രതീക്ഷ. ഡിസംബർ 5ന് വെല്ലൂരിലെത്താൻ നിർദേശവും ലഭിച്ചു. പക്ഷേ 20 ലക്ഷം രൂപയോളം വരും ചികിത്സാ ചെലവ്. എന്നാൽ, അവിടേക്ക് കൊണ്ടു പോകാനുള്ള ആംബുലൻസ് വാടക നൽകാൻ പോലും ഇവർക്ക് നിവൃത്തിയില്ല. മന്ത്രിമാരെയടക്കം നേരിൽ കണ്ട് സർക്കാർ സഹായത്തിന് ശ്രമം നടത്തിയിട്ടും ഇതുവരേയും ഒരു സഹായവും ലഭിച്ചിട്ടില്ല.  തുടർ ചികിത്സക്കും തുടർന്നുള്ള ജീവിതത്തിനും സുമനസുകളുടെ സഹായം കാത്തിരിക്കുകയാണ് ഇവർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top