Advertisement

പരിസ്ഥിതി മന്ത്രാലയത്തിന്റെ എതിര്‍പ്പ്; കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേരളത്തിന് നഷ്ടമായി

December 2, 2019
Google News 0 minutes Read

കേരളത്തില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. പരിസ്ഥിതി മന്ത്രാലയം എതിര്‍പ്പറിയിച്ച സാഹചര്യത്തിലാണ് അക്കാദമി സ്ഥാപിയ്ക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം രേഖാമൂലം രാജ്യസഭയില്‍ വ്യക്തമാക്കിയത്. അതേസമയം കേരളത്തിന് നഷ്ടമായ കോസ്റ്റ് ഗാര്‍ഡ് അക്കാഡമി ഗോവയ്‌ക്കോ കര്‍ണാടകത്തിനോ ലഭിക്കും എന്നാണ് സൂചന.

സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണ് അക്കാദമി ലഭിക്കാത്തതിന് കാരണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ആരോപിച്ചു. രാജ്യസഭയില്‍ എളമരം കരിമിനെ പ്രതിരോധ സഹമന്ത്രിയാണ് രേഖാമൂലം കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേരളത്തില്‍ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി അറിയിച്ചത്. പരിസ്ഥിതി മന്ത്രാലയം കണ്ണൂരിലെ നിര്‍ദിഷ്ട പദ്ധതി പ്രദേശം സിആര്‍സെഡ് ഒന്ന് എ സോണില്‍ ഉള്‍പ്പെടുന്നതാണെന്ന് അറിയിച്ച സാഹചര്യത്തിലാണ് പ്രതിരോധമന്ത്രാലയത്തിന്റെ തിരുമാനം.

2009 ലാണ് അക്കാദമി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 164 ഏക്കര്‍ സ്ഥലം പദ്ധതിക്കായി കൈമാറി. 2011 മേയ് 28 ന് അന്ന് പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണി തറക്കല്ലിടുകയും ചെയ്തു. കണ്ടല്‍ക്കാട് കൂടി ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമായിരുന്നു.

തീരദേശ പരിപാലന ചട്ടപ്രകാരം സോണ്‍ ഒന്നില്‍ വരുന്ന പ്രദേശമായതിനാല്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം. കോസ്റ്റ് ഗാര്‍ഡ് അക്കാദമി
കെട്ടിടം നിര്‍മിക്കാന്‍ അനുയോജ്യമല്ലാത്ത സ്ഥലമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

അതേസമയം അഴിക്കലിന് നഷടമായ പദ്ധതി സമീപത്തുള്ള മറ്റ് തീരദേശ സംസ്ഥാനങ്ങളായ ഗോവയ്‌ക്കോ കര്‍ണാടകത്തിനൊ ലഭിക്കും. ഇതിനുള്ള നടപടികളും പ്രതിരോധ മന്ത്രാലത്തില്‍ പുരോഗമിക്കുകയാണ്. രണ്ട് സംസ്ഥാനങ്ങളും ഇതിനായുള്ള സന്നദ്ധത ഔദ്യോഗികമായ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഒഡിഷയും കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കായുള്ള താത്പര്യം പ്രതിരോധ മന്ത്രാലയത്തോട് വ്യക്തമാക്കി കഴിഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here