പ്രധാനമന്ത്രി അബ്ദുള്‍ മെഹ്ദിയുടെ രാജി ഇറാഖ് പാര്‍ലമെന്റ് അംഗീകരിച്ചു

പ്രധാനമന്ത്രി അബ്ദുള്‍ മെഹ്ദിയുടെ രാജി ഇറാഖ് പാര്‍ലമെന്റ് അംഗീകരിച്ചു. ഇന്നലെ ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തിലാണ് രാജി അംഗീകരിച്ചത്. വെള്ളിയാഴ്ചയാണ് അബ്ദുള്‍ മെഹ്ദി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. വ്യാഴാഴ്ച സുരക്ഷാ സൈനികര്‍ ബാഗ്ദാദ്, നസിരിയ, നജാഫ് എന്നിവിടങ്ങളിലായി 50 ജനകീയ പ്രക്ഷോഭകരെ വധിച്ചതിന് പിന്നാലെയാണ് അബ്ദുള്‍ മെഹ്ദി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. ശനിയാഴ്ച നടന്ന കാബിനറ്റ് യോഗം മെഹ്ദിയുടെ രാജി അംഗീകരിച്ചു. തുടര്‍ന്ന് ഇന്നലെ നടന്ന പാര്‍ലമെന്റ് സമ്മേളനത്തിലും പ്രധാനമന്ത്രിയുടെ രാജി അംഗീകരിക്കപ്പെട്ടു.

നേരത്തെ മുതിര്‍ന്ന ഷിയാ നേതാവ് അലി അല്‍ സിസ്താനി അടക്കമുള്ളവര്‍ പുതിയ സര്‍ക്കാരിനായി ശബ്ദമുയര്‍ത്തിയിരുന്നു. പുതിയ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുന്നതുവരെ അബ്ദുള്‍ മെഹ്ദി സര്‍ക്കാര്‍ കാവല്‍ സര്‍ക്കാരായി തുടരും.

അതേസമയം രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതി പൂര്‍ണമായും മാറുന്നതുവരെ പ്രക്ഷോഭം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. പാര്‍ലമെന്റ് പിരിച്ചുവിടുകയും ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് അവരുടെ ആവശ്യം. ഒക്ടോബര്‍ ആദ്യം ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 400 പേരാണ്.
അഴിമതി, ഉയര്‍ന്ന ജീവിതച്ചെലവ്, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും മൂലമാണ് പ്രതിസന്ധി രൂക്ഷമായതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ഇറാഖ് ഭരണത്തില്‍ ഇറാന്‍ അമിത സ്വാധീനം ചെലുത്തുന്നുവെന്നും സമരക്കാര്‍ ആരോപിക്കുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More