അയോധ്യാ വിധിക്കെതിരായ പുനഃപരിശോധനാ ഹർജി; രാജീവ് ധവാനെ ഒഴിവാക്കി ജം ഇയ്യത്തുൽ ഉലമ

അയോധ്യാ ഭൂമി തർക്ക കേസുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കെതിരെ ജം ഇയ്യത്തുൽ ഉലമ ഇ ഹിന്ദ് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ കോടതിയിൽ ഹാജാരാകുന്നതിൽ നിന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനെ ഒഴിവാക്കി. അനാരോഗ്യം കാരണമാണ് ഒഴിവാക്കിയതെന്നാണ് ജം ഇയ്യത്തുൽ ഉലമ ഇ ഹിന്ദ് പറയുന്നത്.
കേസിൽ നിന്ന് ഒഴിവാക്കിയ കാര്യം രാജീവ് ധവാൻ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. തന്നെ അഭിഭാഷക സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിക്കുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പറയുന്ന വിശദീകരണം തെറ്റാണ്. തനിക്ക് അനാരോഗ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് അനുമതി നൽകിയ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേ സുപ്രിംകോടതിയിൽ ആദ്യ പുനഃപരിശോധനാ ഹർജി തിങ്കളാഴ്ചയാണ് സമർപ്പിച്ചത്. വലിയ പിഴവുകൾ വിധിയിലുണ്ടെന്നും രേഖാമൂലമുള്ള തെളിവുകൾ അവഗണിച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പറഞ്ഞതെന്നും പുനഃപരിശോധനാ ഹർജിയിൽ ജം ഇയ്യത്തുൽ ഉലമ ഇ ഹിന്ദ് ചൂണ്ടിക്കാട്ടി. പൂർണത ഇല്ലാത്ത പുരാവസ്തു കണ്ടെത്തലിനെയും യാത്ര വിവരണങ്ങളെയും ഭരണഘടനാ ബഞ്ച് വല്ലതെ ആശ്രയിച്ചു. പള്ളി പൊളിക്കൽ നടപടി തെറ്റാണെന്ന് കോടതി തന്നെ പറഞ്ഞിട്ടും ക്ഷേത്രനിർമാണത്തിന് അനുമതി നൽകിയത് ശരിയല്ല. നിയമ വിരുദ്ധ നടപടിക്ക് പ്രതിഫലം നൽകുന്നത് പോലെയായി അയോധ്യ വിധി എന്നും ഹർജിക്കാരൻ വ്യക്തമാക്കിയിരുന്നു.
Story highlights- rajeev dhavan, ayodhya case, ayodhya verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here